ഫീച്ചര്‍ തുണയായി; വനമേഖലയോട് ചേര്‍ന്ന് പുറമ്പോക്കില്‍ കഴിഞ്ഞ കുടുംബത്തിന് മുന്‍ഗണനാ കാര്‍ഡ്
പാലക്കാട്; കഞ്ചിക്കോട് പുതുശേരി പഞ്ചായത്ത് ചുള്ളിമട കോട്ടാമുട്ടിയില്‍ വനമേഖലയോട് ചേര്‍ന്ന് പുറമ്പോക്കില്‍ താമസിക്കുന്ന രാജേന്ദ്രന് മുന്‍ഗണനാ റേഷന്‍ കാര്‍ഡ് അനുവദിച്ചു. ഈ കുടുംബത്തിന്റെ ദൈന്യതയെക്കുറിച്ച് വന്ന ഫീച്ചര്‍ ശ്രദ്ധയില്‍പ്പെട്ട ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനിലാണ് അടിയന്തിരമായി എന്‍.പി.എന്‍.എസ് വിഭാഗത്തിലുള്ള കാര്‍ഡ് (വെള്ള കാര്‍ഡ്) മാറ്റി മുന്‍ഗണനാ വിഭാഗത്തിലുള്ള എ.എ.വൈ കാര്‍ഡ് (മഞ്ഞ കാര്‍ഡ്) നല്‍കാന്‍ നിര്‍ദേശം നല്‍കിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം പാലക്കാട് ജില്ലാ സപ്ലൈ ഓഫിസര്‍ വി കെ ശശിധരന്‍, പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസര്‍ ജെ.എസ് ഗോകുല്‍ ദാസ് എന്നിവര്‍ രാജേന്ദ്രന്റെ വീട്ടില്‍ നേരിട്ടെത്തി കാര്‍ഡ് നല്‍കി. മന്ത്രി കുടുംബവുമായി ഓണ്‍ലൈനില്‍ സംസാരിക്കുകയും ചെയ്തു.
രാജേന്ദ്രന് പതിനഞ്ചു വയസു മുതല്‍ ഒന്നര വയസുവരെ പ്രായമുള്ള ആറ് പെണ്‍മക്കളാണ് ഉള്ളത്. രാജേന്ദ്രന്റെ ഭാര്യ മാസിലാമണി അടുത്തിടെ മരണപ്പെട്ടിരുന്നു. ഔഷധ സസ്യങ്ങളുടെ വേരുകള്‍ ശേഖരിക്കലാണ് രാജേന്ദ്രന്റെ ജോലി. രാജേന്ദ്രന്റെ മക്കളുടെ വിദ്യാഭ്യാസത്തിനും വീട് ലഭ്യമാക്കുന്നതിനും വേണ്ട നടപടി സ്വീകരിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വനത്തിനോട് ചേര്‍ന്ന് പുറമ്പോക്കില്‍ താമസിക്കുന്ന കുടുംബത്തിന് വൈദ്യുതി കണക്ഷനോ കുടിവെള്ള സൗകര്യമോ നിലവില്‍ ലഭ്യമല്ല. കുടുംബത്തിന്റെ ദുരവസ്ഥ മനസിലാക്കിയ മന്ത്രി ഇവര്‍ക്കു വേണ്ട സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.