വധശ്രമക്കേസില്‍ ആര്‍എസ്എസിന് വേണ്ടി മൊഴിമാറ്റി; പ്രാദേശിക നേതാവിനെ സിപിഎം പുറത്താക്കി
സുജിത്തിനെ 2013 ഏപ്രിലിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വിഷം പുരട്ടിയ തൃശൂലം കൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ചത്
ആലപ്പുഴ: വധശ്രമക്കേസില്‍ ആര്‍എസ്എസിന് അനുകൂലമായി കോടതിയില്‍ മൊഴി മാറ്റിയ പ്രാദേശിക നേതാവിനെ സിപിഎം പുറത്താക്കി. ഡിവൈഎഫ്‌ഐ കറ്റാനം മേഖലാ സെക്രട്ടറിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന എസ് സുജിത്തിനെയാണ് പുറത്താക്കിയത്. സുജിത്തിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് അനുകൂലമായി പരാതിക്കാരനായ സുജിത് തന്നെ കോടതിയില്‍ മൊഴി മാറ്റി പറയുകയായിരുന്നു. വിചാരണയ്ക്കിടെയാണ് പ്രതികള്‍ക്ക് അനുകൂലമായി സുജിത് മൊഴി മാറ്റിയത്.
സുജിത്തിനെ 2013 ഏപ്രിലിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വിഷം പുരട്ടിയ തൃശൂലം കൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ചത്. കേസിന്റെ വിചാരണ ആലപ്പുഴ ജില്ലാ കോടതിയില്‍ നടക്കുകയാണ്. 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കേസില്‍ പ്രതികളാണ്. ഇതില്‍ മരിച്ചു പോയ ഒന്നാം പ്രതിയും ഏഴാം പ്രതിയും മാത്രമാണ് കുറ്റക്കാരെന്നും മറ്റുള്ളവരെ അറിയില്ലെന്നുമാണ് സുജിത്തിന്റെ മൊഴി. എന്നാല്‍ പണം വാങ്ങി കേസ് അട്ടിമറിക്കുന്നതിന്റെ തെളിവാണിതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായതും സിപിഎം നടപടിയെടുത്തതും.