കോഴിക്കോട്: എന്‍സിഎച്ച്ആര്‍ ഏര്‍പ്പെടുത്തിയ 2021 വര്‍ഷത്തെ മുകുന്ദന്‍ സി മേനോന്‍ സ്മാരക മനുഷ്യാവകാശ പുരസ്‌കാരത്തിന് പ്രഫ. കല്യാണിയെ തിരഞ്ഞെടുത്തു. കഴിഞ്ഞ 25 വര്‍ഷമായി തമിഴ്‌നാട്ടിലെ ദിണ്ടിവനത്ത് ഇരുള വിഭാഗത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ് പ്രഫ. കല്യാണി.
25,000 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.
ഡോ. ജെ ദേവിക, എന്‍ പി ചെക്കുട്ടി, അഡ്വ. ജയാ വിന്ധ്യാലയ ഹൈദരാബാദ്, പ്രഫ. മാര്‍ക്‌സ് ചെന്നൈ, റെനി ഐലിന്‍, അഡ്വ. അന്‍സാര്‍ ഇന്‍ഡോരി, അഡ്വ. ഷെരീഫ്, അഡ്വ. ഷെറഫുദീന്‍ എം കെ, പ്രഫ. പി കോയ എന്നിവരടങ്ങുന്ന ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.
അന്തരിച്ച മനുഷ്യാവകാശപ്രവര്‍ത്തകനും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ മുകുന്ദന്‍ സി മേനോന്റെ സ്മരണയ്ക്കായാണ് 2006ല്‍ ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍സിഎച്ച്ആര്‍ഒ) പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. മനുഷ്യാവകാശങ്ങള്‍ പ്രോല്‍സാഹിപ്പിക്കല്‍, പരിസ്ഥിതി സംരക്ഷണം, രാജ്യത്തിന്റെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന അടിസ്ഥാനസ്വാതന്ത്ര്യങ്ങള്‍ സംരക്ഷിക്കുക എന്നിവയെ അടിസ്ഥാനമാക്കി വ്യക്തികളും സംഘടനകളും നല്‍കിയിട്ടുള്ള സമഗ്രസംഭാവനകള്‍ക്കുള്ള അംഗീകാരമായാണ് ഓരോ വര്‍ഷവും എന്‍സിഎച്ച്ആര്‍ഒ പുരസ്‌കാരം നല്‍കുന്നത്.
വി ടി രാജശേഖര്‍, എ വാസു, എം റഷീദ്, ളാഹ ഗോപാലന്‍, സി ആര്‍ നീലകണ്ഠന്‍, എന്‍ എം സിദ്ദീഖ്, ലീലാ കുമാരിയമ്മ, എസ് പി ഉദയകുമാര്‍, ജാമിഅ ടീച്ചേഴ്‌സ് സോളിഡാരിറ്റി അസോസിയേഷന്‍, സി കെ ജാനു, രാം പുനിയാനി, സുരേഷ് ഖൈര്‍നാര്‍, ഒ അബ്ദുല്ല തുടങ്ങിയവര്‍ക്കാണ് മുന്‍ വര്‍ഷങ്ങളില്‍ ഈ പുരസ്‌കാരം ലഭിച്ചവരില്‍ ചിലര്‍.