വിമാനത്തിലെ പ്രതിഷേധം;മൂന്നാം പ്രതിയുടെ മുന്‍കൂര്‍ ജാമ്യഹരജി ഇന്ന് ഹൈക്കോടതിയില്‍
തനിക്കെതിരെ കള്ളക്കേസ് ചുമത്തിയതാണെന്നും അക്രമത്തില്‍ പങ്കാളിയല്ലെന്നുമാണ് സുനിതിന്റെ വാദം
കൊച്ചി: വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കേസില്‍ മൂന്നാം പ്രതിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ സുനിത് നാരായണന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരെ കള്ളക്കേസ് ചുമത്തിയതാണെന്നും അക്രമത്തില്‍ പങ്കാളിയല്ലെന്നുമാണ് സുനിതിന്റെ വാദം.
വ്യക്തിപരമായ ആവശ്യത്തിന് കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആയതിനാല്‍ രാഷ്ട്രീയ വിരോധം വെച്ച് അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സുനിത് ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച സംഭവത്തിലെ പ്രതികളുടെ ജാമ്യഹരജിയില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഫര്‍സീന്‍ മജീദ്, നവീന്‍ എന്നിവരുടെ ഹരജിയിലാണ് കോടതി വിശദീകരണം തേടിയത്.ഹരജി ചൊവ്വാഴ്ച പരിഗണിക്കും. വലിയതുറ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതികള്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.
മുഖ്യമന്ത്രിയുടെ ഗണ്‍മാന്റെ മൊഴിയെ മാത്രം അടിസ്ഥാനമാക്കി രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ ഭാവനാസൃഷ്ടിയില്‍ ഉണ്ടാക്കിയ കേസാണിതെന്ന് പ്രതികള്‍ ഹരജിയില്‍ പറഞ്ഞു. തങ്ങള്‍ വിമാനത്തിന്റെ മുന്‍സീറ്റിലും മുഖ്യമന്ത്രി പിന്‍സീറ്റിലുമായിരുന്നു. വിമാനം ലാന്‍ഡ് ചെയ്ത് വാതില്‍ തുറന്നപ്പോള്‍ രണ്ടുവട്ടം മുദ്രാവാക്യം വിളിച്ചു. മുഖ്യമന്ത്രിയ്ക്ക് അടുത്തേക്ക് പാഞ്ഞടുത്തിട്ടില്ല. എന്നാല്‍ ഇ പി ജയരാജനും ഗണ്‍മാനും ചേര്‍ന്ന് തങ്ങളെ തള്ളിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു.എന്നാല്‍ ഇ പി ജയരാജനെതിരെ കേസ് പോലുമില്ല. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ നടക്കുന്ന സമരത്തെ അടിച്ചമര്‍ത്താനുള്ള കേസാണിതെന്നും ഹരജിക്കാര്‍ പറഞ്ഞു.