കൊവിഡ് 19 : ദരിദ്രര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും സാമ്പത്തിക സഹായം നല്‍കണമെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കൊവിഡ് 19 വ്യാപിച്ചതിനു ശേഷം രാജ്യത്തെ സാമ്പത്തിക മേഖലയിലുണ്ടായിട്ടുള്ള തകര്‍ച്ച പരിഗണിച്ച് ദരിദ്രര്‍ക്കും കുടിയേറ്റത്തൊഴിലാളികള്‍ക്കും സാമ്പത്തിക സഹായം നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ഗാന്ധി. ഈ മേഖലയയെ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കില്‍ അത് വമ്പിച്ച തൊഴിലില്ലായ്മയ്ക്കു കാരണമാവുമെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. വിഡിയോ കോണ്‍ഫ്രന്‍സ് വഴി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
''ഇപ്പോള്‍ നമുക്ക് പണം ആവശ്യമാണ്. പാവപ്പെട്ടവര്‍ക്കും പണം വേണം. ചെറുകിട കച്ചവടക്കാര്‍ക്കും പണം ആവശ്യമാണ്. അവരെ നാം പിന്തുണയ്ക്കണം.''- രാഹുല്‍ പറഞ്ഞു.
സാമ്പത്തിക വിതരണ ശൃംഖലയും മഞ്ഞ, പച്ച, ചുവപ്പ് മേഖലകളിലെ ആരോഗ്യസുരക്ഷാസംവിധാനങ്ങളും തമ്മില്‍ രാജ്യത്ത് വൈരുധ്യം നിലവിലുണ്ട്. സാമ്പത്തിക സഹായം ഇല്ലാതായാല്‍ രാജ്യത്ത് തൊഴിലില്ലായ്മയുടെ സുനാമിയാണ് ഉണ്ടാവുക. അതിനെ നാം പ്രതിരേധിക്കണം- രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ കുടിയേറ്റത്തൊഴിലാളികള്‍ നടന്നപോകേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്. അത് അനീതിയാണ്. ഇതൊഴിമാക്കാന്‍ ഇന്ത്യയിലെ പാവങ്ങളുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കണമെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു. ഓരോരുത്തര്‍ക്കും 7500 രൂപ വീതം നല്‍കണമെന്നാണ് ആവശ്യമുയര്‍ത്തിയിട്ടുള്ളത്. നൊബേല്‍ സമ്മാനജേതാവായ അഭിജിത് ബാനര്‍ജിയും അതേ നിലപാടാണ് മുന്നോട്ടുവച്ചിട്ടുള്ളത്. അതിന് 65,000 കോടി രൂപ ചെലവു വരും. ജനങ്ങളും വാങ്ങല്‍ശേഷിയെ വര്‍ധിപ്പിക്കുന്നതോടൊപ്പം സാമ്പത്തികരംഗം മെച്ചപ്പെടുകയും ചെയ്യും.