ആര്‍ ബി ശ്രീ കുമാറിനെയും ടീസ്ത സെതല്‍വാദിനെയും അറസ്റ്റുചെയ്ത നടപടി പ്രതിഷേധാര്‍ഹം: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

Update: 2022-06-26 17:11 GMT

കൊച്ചി: ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാറിനെയും ടീസ്ത സെതല്‍വാദിനെയും അറസ്റ്റുചെയ്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന സമിതി. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഗുജറാത്ത് കലാപത്തിന്റെ മുഖ്യസൂത്രധാരകനുമായ നരേന്ദ്രമോദിയെക്കുറിച്ച് കലാപം അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ മുന്നില്‍ നിര്‍ണായക വിവരങ്ങള്‍ പങ്കുവച്ചതാണ് ആര്‍ ബി ശ്രീകുമാറിനെതിരായ നടപടിക്ക് പിന്നില്‍.

കലാപത്തില്‍ കൊല്ലപ്പെട്ട ഇഹ്‌സാന്‍ ജാഫ്രിയുടെ വിധവ സക്കിയ ജാഫ്രിയ്ക്ക് നിയപോരാട്ടത്തിന് പിന്തുണ നല്‍കിയെന്നതാണ് മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്ത സെതല്‍വാദിനെതിരേ ഫാഷിസ്റ്റ് സര്‍ക്കാര്‍ തിരിയാനുള്ള കാരണം. ഇരകള്‍ക്ക് നീതി ലഭിക്കുന്നതിനായുള്ള ഒരു നീക്കവും അനുവദിക്കില്ലെന്ന ഏറ്റവും ഭീകരമായ സാഹചര്യമാണ് നിലവിലുള്ളത്.

ഗുജറാത്ത് വംശഹത്യയെക്കുറിച്ച് ഇനി മിണ്ടിപ്പോവരുതെന്ന താക്കീതുകൂടിയാണിത്. ജനാധിപത്യത്തിന്റെ അന്തകരാവാന്‍ കച്ചമുറുക്കിയ ബിജെപി സര്‍ക്കാര്‍ ഇരകളെ മാത്രമല്ല, അവര്‍ക്ക് വേണ്ടി സംസാരിക്കുന്നവരെ കൂടി വേട്ടയാടി തങ്ങളുടെ മനുഷ്യത്വ വിരുദ്ധത ഊട്ടിയുറപ്പിക്കുകയാണ്. ഈ ഭരണകൂട ഭീകരതയ്ക്കും ജനാധിപത്യ അട്ടിമറിക്കുമെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും യോഗം അഭിപ്രായപ്പെട്ടു.

വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സുനിത നിസാര്‍ അധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡന്റ് കെ കെ റൈഹാനത്ത് ഉദ്ഘാടനം ചെയ്തു. ദേശീയ സമിതിയംഗങ്ങളായ അഡ്വ. സിമി ജേക്കബ്, നൂര്‍ജഹാന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഐ ഇര്‍ഷാന, മേരി എബ്രഹാം, എന്‍ കെ സുഹറാബി, റൈഹാന സുധീര്‍ സംസാരിച്ചു.

Tags:    

Similar News