വിനീഷ്യസ് ജൂനിയറിനെതിരെ വീണ്ടും വംശീയ പരാമര്‍ശം; ആരാധകനെ പുറത്താക്കി സെവിയ്യ
മാഡ്രിഡ്: സ്പാനിഷ് ലീഗ് മല്‍സരത്തിനിടെ റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിനെതിരെ വംശീയ അധിഷേപം നടത്തിയ ആരാധകനെ ക്ലബ് ആരാധക അംഗത്വത്തില്‍ നിന്ന് പുറത്താക്കി സെവിയ്യ. കഴിഞ്ഞ ദിവസം നടന്ന റയല്‍ മാഡ്രിഡ്-സെവിയ്യ മത്സരം 1-1ന് സമനില ആയിരുന്നു.വിനീഷ്യസിനെതിരായ പരാമര്‍ശത്തെ അപലപിക്കുന്നുവെന്ന് സെവിയ്യ അധികൃതര്‍ വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കപ്പെടേണ്ടതാണ്. പരാമര്‍ശം നടത്തിയ ആരാധകനെ പുറത്താക്കുന്നതായും ക്ലബ് അധികൃതര്‍ പ്രതികരിച്ചു.റയല്‍ ആരാധകരില്‍ നിന്ന് തുടര്‍ച്ചയായി ഉണ്ടാകുന്ന വംശീയ പരാമര്‍ശത്തോട് സ്‌പെയിന്‍ ഫുട്‌ബോളിലെ മറ്റൊരു വേദനിപ്പിക്കുന്ന അവസ്ഥ എന്നാണ് വിനീഷ്യസ് ജൂനിയര്‍ പ്രതികരിച്ചത്. എന്നാല്‍ പരാമര്‍ശത്തില്‍ വേഗത്തില്‍ നടപടിയെടുത്ത സെവിയ്യന്‍ നടപടി വിനീഷ്യസ് ജൂനിയര്‍ സ്വാഗതം ചെയ്തു.
നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ തനിക്കെതിരെ മറ്റൊരു വംശീയ പരാമര്‍ശം ഉണ്ടായതായി വിനിഷ്യസ് ജൂനിയര്‍ പറഞ്ഞു. ഇത്തവണ ഒരു കുട്ടിയാണ് തനിക്കെതിരെ പരാമര്‍ശം നടത്തിയത്. കുട്ടികള്‍ക്ക് ശരിയായ വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്നത് സങ്കടകരമാണ്. ബ്രസീലില്‍ മികച്ച വിദ്യാഭ്യാസത്തിനായി താന്‍ ഒരുപാട് പണം നിഷേപിക്കുന്നതായും താരം ചൂണ്ടിക്കാട്ടി.ഇത്തരം പരാമര്‍ശങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണമെന്ന് പ്രതീക്ഷിക്കുന്നതായും ബ്രസീല്‍ താരം പറഞ്ഞു. ഇത് 19-ാം തവണയാണ് താന്‍ വംശീയ അധിഷേപം നേരിടുന്നത്. സംഭവങ്ങളുടെ എണ്ണമെടുക്കുന്നതിന് തന്നോട് ക്ഷമിക്കണമെന്നും വിനീഷ്യസ് ജൂനിയര്‍ വ്യക്തമാക്കി.