റേഡിയോ ഗാര്‍ഡന്‍: ഭൂമി തിരിച്ച് പാട്ടു കേള്‍ക്കാം
റേഡിയോ പ്രേമികള്‍ക്ക് ലോകം തന്നെ കൈക്കുമ്പിളില്‍ ലഭിക്കുന്ന അപൂര്‍വ്വ അനുഭവമാണ് റേഡിയോ ഗാര്‍ഡന്‍ നല്‍കുന്നത്.
കോഴിക്കോട്: സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ഭൂഗോളത്തില്‍ എവിടെയെങ്കിലും ക്ലിക്ക് ചെയ്യുമ്പോള്‍ അവിടുത്തെ റേഡിയോ സ്‌റ്റേഷനില്‍ നിന്നുള്ള പാട്ടും പരിപാടികളും കേള്‍ക്കാനുള്ള സംവിധാനമൊരുക്കുന്ന റേഡിയോ ഗാര്‍ഡന്‍ വെബ് സൈറ്റിന് പ്രചാരമേറുന്നു. നെതര്‍ലാന്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സൗണ്ട് ആന്‍ഡ് വിഷന്‍ വികസിപ്പിച്ചെടുത്ത ഡിജിറ്റല്‍ ഗവേഷണ പദ്ധതിയാണ് റേഡിയോ ഗാര്‍ഡന്‍ . മാര്‍ട്ടിന്‍ ലൂഥര്‍ യൂണിവേഴ്സിറ്റി ഓഫ് ഹാലെയുടെ മേല്‍നോട്ടത്തിലാണ് ഇത് സാധ്യമാക്കിയത്. ലോകമെമ്പാടുമുള്ള 8000ത്തോളം റേഡിയോ സ്‌റ്റേഷനുകളില്‍ നിന്നുള്ള പരിപാടികളാണ് റേഡിയോ ഗാര്‍ഡനിലൂടെ ലഭിക്കുക.
ഇന്റര്‍നെറ്റില്‍ റേഡിയോ ഗാര്‍ഡന്‍ സെര്‍ച്ച് ചെയ്താല്‍ ലഭിക്കുന്ന ഭൂഗോളം വലുതാക്കി ഓരോ രാജ്യത്തെയും റേഡിയോ സ്‌റ്റേഷനുകള്‍ കണ്ടെത്താം. ഇതില്‍ ക്ലിക്ക് ചെയ്യുന്നതോടെ അവിടെ നിന്നുമുള്ള പരിപാടികള്‍ തത്സമയം തന്നെ ലഭിച്ചു തുടങ്ങും. റേഡിയോ പ്രേമികള്‍ക്ക് ലോകം തന്നെ കൈക്കുമ്പിളില്‍ ലഭിക്കുന്ന അപൂര്‍വ്വ അനുഭവമാണ് റേഡിയോ ഗാര്‍ഡന്‍ നല്‍കുന്നത്. http://radio.garden/live എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് റേഡിയോ ഗാര്‍ഡനിലേക്ക് പ്രവേശിക്കാം. റേഡിയോ ഗാര്‍ഡന്‍ മൊബൈല്‍ ആപ്ലിക്കേഷനും സൗജന്യമായി ലഭ്യമാണ്.