സ്പീക്കറുടെ അധികാരപരിധിയെന്ത്? രാജസ്ഥാന്‍ നിയമസഭാ സ്പീക്കര്‍ സുപ്രിം കോടതിയില്‍

Update: 2020-07-30 10:58 GMT

ന്യൂഡല്‍ഹി: രാജസ്ഥാന്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലേക്ക് വലിച്ചിഴച്ച സംഭവവികാസങ്ങളെ തുടര്‍ന്ന് അതില്‍ സജീവമായി ഇടപെട്ട നിയമസഭാ സ്പീക്കര്‍ സി പി ജോഷി, നിയമസഭകളിലെ സ്പീക്കര്‍മാരുടെ അധികാരപരിധി കൃത്യമായി നിര്‍വചിക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ചു. സ്പീക്കര്‍ ചെയ്യാവുന്നതെന്ത് ചെയ്യരുതാത്തതെന്തെന്ന കാര്യത്തില്‍ വ്യക്തത ആവശ്യപ്പെട്ടാണ് പരമ്മോന്നത കോടതിയെ സമീപിച്ചത്.

മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും മുഖ്യമന്ത്രി അശോക് ഗെലോട്ടും തമ്മിലുള്ള അധികാരത്തര്‍ക്കത്തില്‍ സ്പീക്കര്‍ എന്ന നിലയില്‍ ജോഷിയും ഇടപെട്ടിരുന്നു. സച്ചിന്‍ പൈലറ്റ് അടക്കമുള്ള കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത ലജിസ്ലേറ്റീവ് പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്തതില്‍ സ്പീക്കര്‍ നോട്ടിസ് നല്‍കുകയും അവര്‍ക്കെതിരേ അയോഗ്യതാ നടപടികള്‍ തുടങ്ങുകയും ചെയ്തു. സച്ചിനും അനുയായികളും വിപ്പ് ലംഘിച്ചുവെന്നാണ് സ്പീക്കര്‍ ആരോപിച്ചത്.

എന്നാല്‍ എംഎല്‍എമാര്‍ ഹൈക്കോടതിയെ സമീപിച്ച് സ്പീക്കറുടെ നടപടി റദ്ദാക്കി. സഭയ്ക്ക് പുറത്തുവച്ച് ചേരുന്ന യോഗത്തിന് വിപ്പ് ബാധകമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ട് എംഎല്‍എമാര്‍ക്ക് അത്തരം യോഗങ്ങളില്‍ പങ്കെടുക്കുകയോ പങ്കെടുക്കാതിരിക്കുകയോ ചെയ്യാം. പിന്നീട് സുപ്രിം കോടതിയും അത് ശരിവച്ചു.

ഇതിനെതിരേ സ്പീക്കര്‍ വീണ്ടും സുപ്രിം കോടതിയെ സമീപിച്ചു. ഹൈക്കോടതി സ്വന്തം അധികാരം ലംഘിച്ചുവെന്നും സ്പീക്കര്‍ക്ക് അര്‍ധ ജുഡീഷ്യല്‍ അധികാരമുണ്ടെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. സ്പീക്കറുടെ തീരുമാനങ്ങളില്‍ പ്രത്യേകിച്ച് എംഎല്‍എമാരെ അയോഗ്യരാക്കുന്നതുമായി ബന്ധപ്പെട്ടവയില്‍ കോടതികള്‍ ഇടപെടരുത്. 1992 ലെ ഹോളോഹാന്‍ കേസിലെ വിധിയും തെളിവായി ചൂണ്ടിക്കാട്ടി. തന്റെ കടമ നിര്‍വഹിക്കാന്‍ ഹൈക്കോടതി അനുവദിച്ചില്ലെന്നും ഇത് ജുഡീഷ്യറിയുടെ അച്ചടക്കമില്ലായ്മയാണെന്നും സ്പീക്കര്‍ വിശേഷിപ്പിച്ചു. കൂറുമാറ്റ നിരോധന നിയമം ഭരണഘടനയുടെ 10ാം ഷെഡ്യൂളിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്രയും വാദങ്ങള്‍ പരിഗണിച്ചുകൊണ്ട് സ്പീക്കറുടെ അധികാരപരിധി നിശ്ചയിച്ച് ഉത്തരവ് നല്‍കണമെന്നാണ് പുതിയ ആവശ്യം. രാജസ്ഥാനില്‍ സംഭവിച്ചത് ഒരു ഭരണഘടനാ പ്രതിസന്ധിയാണെന്നും സ്പീക്കര്‍ വാദിക്കുന്നു. സ്പീക്കര്‍ക്ക് തന്റെ അധികാരമുപയോഗിച്ച് നിയമപരമായി അംഗങ്ങളെ അയോഗ്യരാക്കാം. ആര്‍ക്കും അത് ചോദ്യം ചെയ്യാനാവില്ല. രാജസ്ഥാന്‍ ഹൈക്കോടതിയുടെ ഉത്തരവ് അംഗീകരിക്കുന്നു. പക്ഷേ, ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ അധികാരം മറ്റൊന്നുമായി കൂടിക്കുഴഞ്ഞുകിടക്കുകയാണെന്നും അതില്‍ വ്യക്തതവരുത്തണമൈന്നും കൂടി സ്പീക്കര്‍ ആവശ്യപ്പെടുന്നു. 

Tags:    

Similar News