രാജസ്ഥാനിൽ സവർക്കറിന് ശേഷം ദീൻദയാലിനെയും പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കി
ജനസംഘം സ്ഥാപക നേതാവും ആര്‍എസ്എസ് ആചാര്യനുമായ ദീന് ദയാല്‍ ഉപാധ്യായെക്കുറിച്ച് സ്കൂള്‍ സ്കോളര്‍ഷിപ്പ് പരീക്ഷയിൽ ഉള്‍പ്പെടുത്തിയ ഭാഗമാണ് നീക്കിയത്.
ജയ്പൂര്‍: രാജസ്ഥാനിൽ അശോക് ഗെഹ് ലോട്ട് സർക്കാർ സംഘപരിവാരത്തിന്റെ വിദ്യാഭ്യാസ കാവിവൽക്കരണത്തെ തിരുത്തുന്ന തിരക്കിലാണ്. അധികാരത്തിലെത്തിയ മാസങ്ങൾക്കിപ്പുറം ആർഎസ്എസ്സിന്റെ പ്രധാന രണ്ട് ആചാര്യമാരെയാണ് ഇതിനോടകം പാഠപുസ്തകത്തിൽ നിന്നും പരീക്ഷ ചോദ്യങ്ങളിൽ നിന്നും പുറത്താക്കിയത്. ജനസംഘം സ്ഥാപക നേതാവും ആര്‍എസ്എസ് ആചാര്യനുമായ ദീന് ദയാല്‍ ഉപാധ്യായെക്കുറിച്ച് സ്കൂള്‍ സ്കോളര്‍ഷിപ്പ് പരീക്ഷയിൽ ഉള്‍പ്പെടുത്തിയ ഭാഗമാണ് നീക്കിയത്. നേരത്തെ ബിജെപി സർക്കാർ സ്കോളർഷിപ്പ് ചോദ്യപേപ്പറിൽ ദീൻദയലിന്റെ പേര് മനപ്പൂർവം കുത്തിതിരുകിയെന്നാണ് കോൺഗ്രസ് പേര് നീക്കിയതിനെ വിശദീകരിക്കുന്നത്. ആവശ്യമില്ലാതെ അവർ അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തി, കോൺഗ്രസ് ഇപ്പോൾ അത് തിരുത്തുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിങ് പറഞ്ഞു.
അതേസമയം, ദീന് ദയാല്‍ ഉപാധ്യായെ അപമാനിക്കാനാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നീക്കമെന്ന് ബിജെപി ആരോപിച്ചു. നേരത്തേ, ആര്‍എസ്എസ് ആചാര്യന് സവര്‍ക്കറെ ധീരനായ പോരാളിയെന്ന് പാഠപുസ്തകങ്ങളില്‍ വിശേഷിപ്പിച്ചിരുന്നതും നീക്കിയിരുന്നു. കൂടാതെ ഹിന്ദു മഹാസഭാ നേതാവായ വി ഡി സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാരിനോട് മാപ്പ് അപേക്ഷിച്ച സംഭവം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു. സവര്‍ക്കറിന്റെ മാപ്പപേക്ഷ സ്വാതന്ത്യ ചരിത്ര പാഠഭാഗത്തില്‍ ഉള്‍ക്കൊള്ളിക്കാനായിരുന്നു സിലബസ് റിവിഷന്‍ കമ്മിറ്റി നിര്‍ദേശം നല്‍കിയിയത്. കഴിഞ്ഞ ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്തെ പാഠപുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ച പാഠഭാഗങ്ങള്‍ ഭൂരിഭാഗവും എടുത്തുകളഞ്ഞാണ് പുതിയവ ഉള്‍കൊള്ളിക്കുന്നതെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിരുന്നു.
1910ല്‍ ബ്രിട്ടീഷ് പട്ടാളം അറസ്റ്റ് ചെയ്ത സവര്‍ക്കര്‍ തന്റെ 50 വര്‍ഷത്തെ ജയില്‍ ശിക്ഷ ഇളവ് ചെയ്ത് കിട്ടാന്‍ വേണ്ടിയാണ് ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ മാപ്പ് എഴുതി നല്‍കിയത്. തീവ്രദേശീയ നേതാവെന്ന് അറിപ്പെട്ടിരുന്ന സവര്‍ക്കറുടെ മാപ്പ് അപേക്ഷ രാജ്യത്തിന് തന്നെ വലിയ നാണക്കേടുണ്ടാക്കിയതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സംഘപരിവാര സംഘടനകള്‍ സവര്‍ക്കറിന്റെ മാപ്പ് അപേക്ഷയെ പ്രകീര്‍ത്തിച്ച് രംഗത്ത് വരികയാണുണ്ടായത്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വ്യക്തി കൂടിയാണ് വി ഡി സവര്‍ക്കര്‍.
കഴിഞ്ഞവര്‍ഷം അധികാരത്തില്‍ തിരിച്ചെത്തിയ ഉടനെയാണ് പാഠപുസ്തകങ്ങള്‍ പുനപരിശോധിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ റിവിഷന്‍ കമ്മിറ്റിയെ നിയോഗിച്ചത്. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തിരുത്തുകള്‍ വരുത്താന്‍ തീരുമാനിച്ചത്.