രാജസ്ഥാനില്‍ വീണ്ടും പ്രതിസന്ധി; ഭാരതീയ ട്രൈബല്‍ പാര്‍ട്ടി കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു
ഗെഹ്ലോട്ട് സര്‍ക്കാരിനെതിരേ അവിശ്വാസ പ്രമേയം വരികയാണ് എങ്കില്‍ ആര്‍ക്കും വോട്ട് ചെയ്യേണ്ടതില്ല എന്നാണ് പാര്‍ട്ടി നിര്‍ദേശം.
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ പ്രതിസന്ധിയുടെ ആഴംകൂട്ടി ഭാരതീയ െ്രെടബല്‍ പാര്‍ട്ടി കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. രണ്ട് എംഎല്‍എമാര്‍ മാത്രമുള്ള പ്രാദേശിക പാര്‍ട്ടിയായ ഭാരതീയ ട്രൈബല്‍ പാര്‍ട്ടി (ബിടിഎസ്) അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനുളള പിന്തുണ പിന്‍വലിച്ചെന്നാണ് റിപോര്‍ട്ട്. ഗെഹ്ലോട്ട് സര്‍ക്കാരിനെതിരേ അവിശ്വാസ പ്രമേയം വരികയാണ് എങ്കില്‍ ആര്‍ക്കും വോട്ട് ചെയ്യേണ്ടതില്ല എന്നാണ് പാര്‍ട്ടി നിര്‍ദേശം.
ബിടിപി അധ്യക്ഷന്‍ മഹേഷ് ഭായി വാസവ പാര്‍ട്ടി എംഎല്‍എമാര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ രണ്ട് ബിടിഎസ് എംഎല്‍എമാരും കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കൊപ്പം റിസോര്‍ട്ടിലാണുളളത്. അട്ടിമറി നീക്കം തടയുന്നതിന് വേണ്ടിയാണ് ഗെഹ്ലോട്ട് തനിക്കൊപ്പമുളള എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയത്.
അതേസമയം, തങ്ങള്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് ഒപ്പമാണ് എന്നാണ് ബിടിപി എംഎല്‍എമാര്‍ വ്യക്തമാക്കിയിരിക്കുന്നത്. നിലവില്‍ ചില ആശയക്കുഴപ്പങ്ങളുണ്ടെങ്കിലും ഇപ്പോള്‍ തങ്ങള്‍ സര്‍ക്കാരിനൊപ്പമാണ്. പക്ഷേ പാര്‍ട്ടി നേതൃത്വത്തോട് ചര്‍ച്ച ചെയ്ത് മാത്രമേ തങ്ങള്‍ അന്തിമ തീരുമാനം കൈകൊള്ളുവെന്നും എംഎല്‍എമാര്‍ വ്യക്തമാക്കി. 102 എംഎല്‍എമാരുടെ പിന്തുണ ഉണ്ട് എന്നാണ് ഗെഹ്ലോട്ട് ക്യാംപ് അവകാശപ്പെടുന്നത്.
ചൊവ്വാഴ്ച രാവിലെ 10.30ന് ഗെഹ്ലോട്ട് വീണ്ടുമൊരു നിയമസഭാ കക്ഷി യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. ഇതില്‍ പങ്കെടുക്കാന്‍ സച്ചിന്‍ പൈലറ്റിനോടും മറ്റ് വിമത എംഎല്‍എമാരോടും ആവശ്യപ്പെട്ടിരിക്കുകയാണ്. 30 എംഎല്‍എമാരുടെ പിന്തുണയുണ്ട് എന്നാണ് സച്ചിന്‍ പൈലറ്റ് അവകാശപ്പെടുന്നത്. താന്‍ ബിജെപിയില്‍ ചേരില്ല എന്ന് സച്ചിന്‍ പൈലറ്റ് വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനാണ് സച്ചിന്‍ പൈലറ്റിന്റെ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി സച്ചിന്‍ പൈലറ്റ് രൂപീകരിക്കും എന്നാണ് സൂചന.
200 അംഗ രാജസ്ഥാന്‍ നിയമസഭയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ട കേവല ഭൂരിപക്ഷം 101 ആണ്. 107 കോണ്‍ഗ്രസ് എംഎല്‍എമാരടക്കം 120 പേരുടെ പിന്തുണയാണ് ഗെഹ്ലോട്ട് സര്‍ക്കാരിന് ഉണ്ടായിരുന്നത്. ബിജെപിയുടെ 72 എംഎല്‍എമാര്‍ അടക്കം 75 പേരുടെ പിന്തുണയാണ് പ്രതിപക്ഷത്തിന്.