രാജീവ്ഗാന്ധി ഏവിയേഷന്‍ അക്കാദമിയില്‍ വിവേചനവും ലൈംഗികാതിക്രമവും; പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് പരാതിക്കാരി
പഠനം തുടരാന്‍ കഴിയാത്ത സാഹചര്യം
തിരുവനന്തപുരം: രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയില്‍ വിവേചനവും ലൈംഗികാതിക്രമവും നേരിട്ടെന്ന് പരാതി നല്‍കിയിട്ടും പരിശീലകനെതിരെ നടപടിയില്ല. പരാതിക്കാരിയായ പെണ്‍കുട്ടി തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. ആഭ്യന്തര പരാതി പരിഹാര സമിതി മൂന്ന് മാസം കഴിഞ്ഞിട്ടും പരാതിയില്‍ തുടര്‍നടപടി എടുത്തില്ല. പോലിസ് കേസെടുത്തതിന് പിന്നാലെ പരാതി പരിഗണിക്കുകയും കഴമ്പില്ലെന്ന് പറഞ്ഞ് തള്ളുകയും ചെയ്തു.
പഠനം തുടരാന്‍ കഴിയാത്ത സാഹചര്യമാണ്. പരാതികള്‍ പലവട്ടം സ്ഥാപനം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചു. ചീഫ് ഫ്‌ലെയിങ് ഇന്‍സ്ട്രക്ടര്‍ വിവേചനത്തോടെ പെരുമാറുന്നു, പരിശീലനം നല്‍കുന്നില്ല, പഠനം തുടരാനാകാത്ത സാഹചര്യമുണുള്ളതെന്നും വിദ്യാര്‍ത്ഥിനി പറയുന്നു.
സ്ഥാപനത്തില്‍ സുരക്ഷിതമായി പഠിക്കാനുള്ള സാഹചര്യം തേടിയാണ് ലോകായുക്തയെ സമീപിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം ക്ലാസ് മുറിയിലെത്തിയപ്പോള്‍ അധ്യാപകനെ പിന്തുണക്കുന്ന വിദ്യാര്‍ത്ഥിനിയും സുഹൃത്തും കൂടി അധ്യാപകനെതിരായ പരാതിയിലെ കാര്യങ്ങള്‍ ഒച്ചത്തില്‍ പറഞ്ഞ് അവഹേളിച്ചപ്പോള്‍ മാനസികമായി തകര്‍ന്നാണ് നാടുവിട്ടതെന്നും വിദ്യാര്‍ത്ഥിനി പറയുന്നു. ഇന്നലെ തമിഴ്‌നാട്ടില്‍ നിന്നും കണ്ടെത്തിയ വിദ്യാര്‍ത്ഥിനിയെ പോലിസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിരുന്നു.
അധ്യാപകനെതിരെ പരാതി നല്‍കിയതിന് പിന്നാലെ ഹോസ്റ്റല്‍ മുറിയില്‍ നിന്നും കാണാതായ സര്‍ട്ടിഫിക്കറ്റുകള്‍ ഒരു ഹോട്ടലിന്റെ മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ നിന്നാണ് കണ്ടെത്തിയത്. ഇതേ കുറിച്ചുള്ള പോലിസ് അന്വേഷണവും എങ്ങുമെത്തിയില്ലെന്നും വിദ്യാര്‍ത്ഥിനിയും ബന്ധുക്കളും പരാതിപ്പെടുന്നു. അധ്യാപകനെതിരെ സ്ത്രിത്വത്തെ അപമാനിച്ചതിന് വലിയുറ പോലിസ് കേസെടുത്തുവെങ്കിലും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. 150 മണിക്കൂര്‍ ഇനിയും ഫ്‌ലൈയിങ് സമയം ബാക്കിയുണ്ട്. സുരക്ഷിതമായി പഠനം പൂര്‍ത്തിയാക്കാന്‍ അധ്യാപകനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സമരവുമായി മുന്നോട്ടുപോകുമെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.