ഫ്രാങ്കോ മുളക്കലിനെതിരായ ബലാല്‍സംഗക്കേസ്: പരാതിക്കാരിയുടെ വിവരം പുറത്തുവിട്ട കന്യാസ്ത്രീകള്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍
സിസ്റ്റര്‍ അമല, ആനി റോസ് എന്നിവര്‍ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കിയതിനെ ചോദ്യം ചെയ്താണ് കേരളം സുപ്രിംകോടതിയെ സമീപിച്ചത്
ന്യൂഡല്‍ഹി: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ബലാല്‍സംഗ കേസുമായി ബന്ധപ്പട്ട് പരാതിക്കാരിയുടെ വിവരം പുറത്തുവിട്ട കന്യാസ്ത്രീകള്‍ക്കെതിരേ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. സിസ്റ്റര്‍ അമല, ആനി റോസ് എന്നിവര്‍ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കിയതിനെ ചോദ്യം ചെയ്താണ് കേരളം സുപ്രിംകോടതിയെ സമീപിച്ചത്.നിയമ നടപടി തുടരാന്‍ അനുവദിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ബിഷപ്പിനെതിരെ പരാതി നല്കിയ കന്യാസ്ത്രീയുടെ ചിത്രവും വിവരങ്ങളും മൂന്നു മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രതി ചേര്‍ക്കപ്പെട്ട കന്യാസ്ത്രികള്‍ അയച്ചു എന്നതാണ് ഇവര്‍ക്കെതിരായ കുറ്റം. കുറവിലങ്ങാട് പോലിസാണ് കുറ്റം ചുമത്തിയിരുന്നത്. എന്നാല്‍ ഹൈക്കോടതി വിധി രണ്ട് കന്യാസ്ത്രീകള്‍ക്ക് അനുകൂലമായിരുന്നു.
ഇ മെയില്‍ സന്ദേശത്തില്‍ അതിജീവിതയുടെ പേരു വെളിപ്പെടുത്തിയിരുന്നില്ല. ചിത്രമുണ്ടായിരുന്നെങ്കിലും പേരും ചിത്രങ്ങളും വെളിപ്പെടുത്തരുതെന്ന് പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ ഇമെയില്‍ സന്ദേശം സ്വകാര്യ ആശയവിനിമയമാണെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്.