ന്യൂഡല്‍ഹി: ഡല്‍ഹിയില്‍നിന്ന് കഴിഞ്ഞ ദിവസം റിപോര്‍ട്ട് ചെയ്യപ്പെട്ട കൂട്ടബലാല്‍സംഗം വസ്തുത്തര്‍ക്കവുമായി ബന്ധപ്പെട്ട് കെട്ടിച്ചമച്ചതാണെന്ന ആരോപണമവുമായി പോലിസ് രംഗത്ത്. ഈ സംഭവം പ്രചരിപ്പിക്കാന്‍ 'ഇര'യാക്കപ്പെട്ട സ്ത്രീ ചിലര്‍ക്ക് പണം നല്‍കിയതായും പോലിസ് പറയുന്നു. സംഭവത്തില്‍ മൂന്ന് പേരെ പോലിസ് അറസ്റ്റ് ചെയ്തു. വ്യാജതട്ടിക്കൊണ്ടുപോകലിനും വ്യാജ ബലാല്‍സംഗ പരാതിക്കും കൂട്ടുനിന്നവരാണത്രെ ഇവര്‍.
ഡല്‍ഹി വനിതാ കമ്മീഷന്‍ മേധാവി സ്വാതി മലിവാളിന്റെ സാമൂഹിക മാധ്യമ പോസ്‌റ്റോടെയാണ് സംഭവം വൈറലായത്. 36 വയസ്സുള്ള സ്ത്രീയെ ചാക്കില്‍കെട്ടി റോഡില്‍തള്ളിയെന്നും ഒരു ഇരുമ്പു കമ്പി ഇപ്പോഴും അവരുടെ ഉള്ളിലുണ്ടെന്നുമാണ് പുറത്തുവന്ന വാര്‍ത്ത. സ്ത്രീയെ രണ്ട് ദിവസത്തോളം ബലാല്‍സംഗത്തിനിരയാക്കിയെന്നാണ് പരാതിയിലുണ്ടായിരുന്നത്. നിര്‍ഭയ കേസിനോടാണ് സ്വാതി മലിവാള്‍ സംഭവത്തെ താരതമ്യം ചെയ്തത്.
തന്നെ ബലാല്‍സംഗം ചെയ്തവരുടെ പേരുകള്‍ ഈ സ്ത്രീ പോലിസിന് നല്‍കിയിരുന്നു. അതുപ്രകാരം അഞ്ച് പേരെ അറസ്റ്റും ചെയ്തു.
തുടര്‍ന്നുനടന്ന പരിശോധനയിലാണ് ഇവരുടെ വാദം തെറ്റാണെന്ന് പോലിസ് കണ്ടെത്തിയത്.
സ്ത്രീയുടെ ശരീരത്തില്‍ ആന്തരികമായ പരിക്കുകളില്ലെന്ന് ഡോക്ടര്‍മാരും അറിയിച്ചു.
തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം രണ്ട് ദിവസം കഴിഞ്ഞ ശേഷമാണ് ഇവര്‍ പരാതിയുമായി രംഗത്തുവന്നത്. ഇവരെ കണ്ടെത്തിയ സ്ഥലത്തുവച്ചാണ് ഇവരുടെ സുഹൃത്ത് ഫോണ്‍ സ്വച്ച് ഓഫ് ചെയ്തതെന്നും പോലിസ് തിരച്ചിറിഞ്ഞിട്ടുണ്ട്. സ്ത്രീയും സുഹൃത്തുക്കളും സഞ്ചരിച്ച കാറും കണ്ടെത്തിയിട്ടുണ്ട്.
അഞ്ച് പേരെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു നാടകമെന്നും യുപി റീജ്യനല്‍ പോലിസ് ചീഫ് പ്രവീണ്‍ കുമാര്‍ പറഞ്ഞു.