ബലാല്‍സംഗ-കൊലപാതക കേസ് പ്രതി 'ആള്‍ദൈവം' ഗുര്‍മീത് റാം റഹീം സിങിന് പരോള്‍; തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ലംഘനമെന്ന് കോണ്‍ഗ്രസ്

തന്റെ രണ്ട് ശിഷ്യരെ ബലാല്‍സംഗം ചെയ്തതിനും ഒരു മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയതിനും 20 വര്‍ഷം തടവ് അനുഭവിക്കുന്നയാളാണ് ഗുര്‍മീത് റാം റഹീം സിങ്

Update: 2024-10-02 10:06 GMT

ചണ്ഡീഗഢ്: ബലാല്‍സംഗത്തിനും കൊലപാതകത്തിനും ശിക്ഷിക്കപ്പെട്ട ദേരാ സച്ചാ സൗദ നേതാവും ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹീം സിങിന് 20 ദിവസത്തെ പരോള്‍. കര്‍ശന വ്യവസ്ഥകളോടെയാണ് ഹരിയാന സര്‍ക്കാര്‍ പരോള്‍ അനുവദിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുര്‍മീതിന് പരോള്‍ നല്‍കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിയിരുന്നു. എന്നാല്‍ ഇത് അവഗണിച്ചാണ് ഇപ്പോള്‍ പരോള്‍ നല്‍കിയിരിയ്ക്കുന്നത്. ഇതോടെ നാല് വര്‍ഷത്തിനിടെ ഇത് 15ാം തവണയാണ് ഇയാള്‍ക്ക് പരോള്‍ കിട്ടുന്നത്.

തന്റെ രണ്ട് ശിഷ്യരെ ബലാല്‍സംഗം ചെയ്തതിനും ഒരു മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയതിനും 20 വര്‍ഷം തടവ് അനുഭവിക്കുന്നയാളാണ് ഗുര്‍മീത് റാം റഹീം സിങ്. ഒക്ടോബര്‍ അഞ്ചിന് നടക്കാനിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് സിങിന് പരോള്‍ നല്‍കിയിരിക്കുന്നത്.

സിങ്ങിന്റെ പരോളുകള്‍ പലപ്പോഴും പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. ഈ വര്‍ഷം ആദ്യം, പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, ഓഗസ്റ്റില്‍ 21 ദിവസത്തെ അവധിയും ഫെബ്രുവരിയില്‍ മൂന്നാഴ്ചത്തെ ഫര്‍ലോയും സിങിന് അനുവദിച്ചിരുന്നു. നിലവിലെ ശിക്ഷയ്ക്ക് പുറമേ, സെക്ടിന്റെ മുന്‍ മാനേജരെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട മറ്റൊരു കേസിലും സിങ് മുമ്പ് ശിക്ഷിക്കപ്പെട്ടിരുന്നു.

Tags:    

Similar News