അപകടാവസ്ഥയിലായ വട്ടക്കുണ്ട് പാലം നടപ്പാലത്തോടെ പുനര്‍നിര്‍മിക്കുക; എസ്ഡിപിഐ ധര്‍ണ നടത്തി
താമരശ്ശേരി: അപകടാവസ്ഥയിലുള്ള വട്ടക്കുണ്ട് പാലം ഉടന്‍ പുനര്‍നിര്‍മിക്കണമെന്നും വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ക്ക് സൗകര്യമാവിധം നടപ്പാലം നിര്‍മിക്കണമെന്നുമാവശ്യപ്പെട്ട് എസ്ഡിപിഐ കാരാടി ബ്രാഞ്ച് ധര്‍ണ നടത്തി.
കാലപ്പഴക്കം കൊണ്ടും നിരന്തരമായ അപകടങ്ങള്‍ക്കൊണ്ടും പാലത്തിന്റെ പല ഭാഗത്തും പ്രശ്‌നങ്ങളുണ്ട്. വീതി കുറഞ്ഞ പാലത്തിലൂടെയുള്ള കാല്‍നടയാത്രയും ജനങ്ങളില്‍ വലിയ പ്രയാസം സൃഷ്ടിക്കുന്നു. അധികാരികളുടെ ഭാഗത്തുനിന്ന് എത്രയും പെട്ടെന്ന് പരിഹാരമുണ്ടായില്ലെങ്കില്‍ റോഡ് ഉപരോധം അടക്കമുള്ള ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്ന് ജില്ലാ വൈസ് പ്രസിഡന്റ് വാഹിദ് ചെറുവറ്റ ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് മുന്നറിയിപ്പുനല്‍കി.
ബ്രാഞ്ച് പ്രസിഡന്റ് അബൂബക്കര്‍ കോയയുടെ അധ്യക്ഷതയില്‍ എസ്ഡിപിഐ താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് നൗഫല്‍ വാടിക്കല്‍, വെല്‍ഫെയര്‍ പാര്‍ട്ടി പരപ്പന്‍പൊയില്‍ യൂനിറ്റ് പ്രസിഡന്റ് നജീബ് റഹ്മാന്‍, എസ്ഡിപിഐ പ്രതിനിധി സിറാജ് തച്ചംപൊയില്‍, എസ്ഡിപിഐ പഞ്ചായത്ത് സെക്രട്ടറി ജാഫര്‍ പരപ്പന്‍പൊയില്‍, ആം ആദ്മി പാര്‍ട്ടി പ്രതിനിധി പി കെ അനസ്, കാരാടി ബാര്‍ സമര സത്യാഗ്രഹി സി വി അബ്ദുറഹ്മാന്‍ കുട്ടി ഹാജി, മദ്യനിരോധന സമിതി താമരശ്ശേരി താലൂക്ക് സെക്രട്ടറി കെ എം ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ കെ ഫൗസിയ സ്വാഗതവും അലി കാരാടി നന്ദിയും പറഞ്ഞു.