പ്രസിദ്ധ നാടന്‍പാട്ട് ഗായിക പത്മഭൂഷണ്‍ ശാരദ സിന്‍ഹ അന്തരിച്ചു
ബീഹാര്‍ കോകിലയെന്ന് അറിയപ്പെട്ടിരുന്ന ശാരദ സിന്‍ഹ നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്
ന്യൂഡല്‍ഹി: പ്രശസ്ത നാടോടി ഗായികയും പത്മഭൂഷണ്‍ പുരസ്‌കാര ജേതാവുമായ ശാരദ സിന്‍ഹ കാന്‍സര്‍ ബാധയെ തുടര്‍ന്ന് അന്തരിച്ചു. 72 വയസ്സായിരുന്നു. എയിംസ് ഡല്‍ഹിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. 2017ലാണ് മള്‍ട്ടിപ്പിള്‍ മൈലോമ എന്ന അസുഖം ഇവര്‍ക്ക് സ്ഥിരീകരിച്ചത്.
ബിഹാറിലെ പ്രമുഖ സംഗീതജ്ഞരില്‍ ഒരാളാണ് ശാരദാ സിന്‍ഹ.ബീഹാര്‍ കോകിലയെന്ന് അറിയപ്പെട്ടിരുന്ന ശാരദ സിന്‍ഹ നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ബീഹാറിന്റെ പരമ്പരാഗത സംഗീതം ജനകീയമാക്കുന്നതില്‍ വലിയ പങ്കാണ് ഇവര്‍ വഹിച്ചിട്ടുള്ളത്. മൈഥിലി, ഭോജ്പുരി, മഗാഹി എന്നീ ഭാഷകളില്‍ അവര്‍ ധാരാളം പാടിയിട്ടുണ്ട്. ഛത്ത് ഉത്സവത്തിനായുള്ള അവരുടെ ഗാനങ്ങള്‍ എക്കാലത്തെയും പ്രിയപ്പെട്ടവയാണ്. മെയ്നേ പ്യാര്‍ കിയ, ഹം ആപ്കെ ഹേ കൗന്‍ തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലെ ഗാനങ്ങളിലൂടെയും അവര്‍ പ്രശസ്തയാണ്. അനുരാഗ് കശ്യപിന്റെ കള്‍ട്ട് ചിത്രമായ ഗാങ്സ് ഓഫ് വാസിപൂര്‍ എന്ന ചിത്രത്തില്‍ അവര്‍ പാടിയ 'താര്‍ ബിജ്ലി' എന്ന ട്രാക്ക് വളരെയധികം ജനപ്രിയമായിരുന്നു. കലാരംഗത്ത് അവര്‍ നല്‍കിയ വലിയ സംഭാവനകള്‍ പരിഗണിച്ച് രാജ്യം 2018ല്‍ അവര്‍ക്ക് പത്മഭൂഷണ്‍ നല്‍കി ആദരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. വിശ്വാസത്തിന്റെ മഹത്തായ ഉത്സവമായ ഛത്തുമായി ബന്ധപ്പെട്ട അവരുടെ ശ്രുതിമധുരമായ ഗാനങ്ങളുടെ പ്രതിധ്വനി എക്കാലവും നിലനില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അനുശോചനം രേഖപ്പെടുത്തി, 'ശ്രീമതി ശാരദാ സിന്‍ഹ ജിയുടെ വിയോഗത്തില്‍ ഞാന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ബഹുമുഖ പ്രതിഭയായ നാടോടി ഗായികയായിരുന്നു അവര്‍. ഭോജ്പുരി ഭാഷയെ ജനങ്ങള്‍ക്കിടയില്‍ ജനപ്രിയമാക്കി. ആളുകള്‍ അവരുടെ പാട്ടുകള്‍ വളരെക്കാലം ഓര്‍ക്കും. അവരുടെ വിയോഗത്തോടെ, നാടോടി സംഗീത ലോകത്തിന് ഒരു സ്വാധീനമുള്ള ശബ്ദം നഷ്ടപ്പെട്ടു, ദുഃഖത്തിന്റെ ഈ മണിക്കൂറില്‍, ഞാന്‍ എന്റെ അനുശോചനം രേഖപ്പെടുത്തുന്നു' രാജ്നാഥ് സിംഗ് പറഞ്ഞു.
'അഞ്ച് പതിറ്റാണ്ടിലേറെയായി തന്റെ ശ്രുതിമധുരമായ ശബ്ദത്തിലൂടെ ഇന്ത്യന്‍ സംഗീതത്തിന് പുതിയ ഉയരങ്ങള്‍ നല്‍കിയ ശാരദാ സിന്‍ഹ ജിയുടെ വിയോഗത്തില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്' ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.