ലക്ഷദ്വീപിലെ മനുഷ്യാവകാശ നിഷേധങ്ങള്‍ക്കെതിരേ നിയമസഭയില്‍ പ്രമേയം; നന്ദി പറഞ്ഞ് ദ്വീപ് നിവാസികള്‍ മാനാഞ്ചിറയില്‍

Update: 2021-05-31 14:39 GMT

കോഴിക്കോട്: ലക്ഷദ്വീപില്‍ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ കേരള നിയമസഭ പ്രമേയം പാസ്സാക്കിയതില്‍ നന്ദി പ്രകടിപ്പിച്ച് ദ്വീപ് നിവാസികള്‍ കോഴിക്കോട് മാനാഞ്ചിറയില്‍ ഒത്തുകൂടി. മാനാഞ്ചിറ കിഡ്‌സന്‍ കോര്‍ണറിലാണ് ലക്ഷദ്വീപ് വാസികള്‍ പ്ലക്കാര്‍ഡുകളുമായി ഒത്തുകൂടി നിയമസഭയ്ക്ക് നന്ദി പറഞ്ഞത്.

ഡോ. കബീര്‍ കല്‍പേനി, ഡോ. ഹുസൈന്‍ മണിക്ക്ഫാന്‍ മിനിക്കോയി, കെ കെ ഷമീം കല്‍പേനി, എം കെ മുഹമ്മദ് അയ്മന്‍ റാഖിബ് കല്‍പേനി, കെ കെ മുഹമ്മദ് ഷാരിയാര്‍ കല്‍പേനി എന്നിവരാണ് എത്തിച്ചേര്‍ന്നത്.

ലക്ഷദ്വീപില്‍ ജനവിരുദ്ധ നടപടികളുമായി മുന്നോട്ടുപോകുന്ന അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരേയുള്ള പ്രമേയം ഇന്നാണ് കേരള നിയമസഭ പാസ്സാക്കിയത്. ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനൊപ്പം അഡ്മിനിസ്ട്രേറ്ററെ നീക്കം ചെയ്യണമെന്ന പ്രമേയവും കേരള നിയമസഭ പാസ്സാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷം നേരത്തെ തന്നെ പ്രമേയത്തിന് പിന്തുണ അറിയിച്ചതിനാല്‍ ചില ഭേദഗതികളോടെ പാസ്സാക്കുകയായിരുന്നു. ലക്ഷദ്വീപ് ഭരണകൂടത്തിനെതിരേ പ്രമേയത്തില്‍ അതിരൂക്ഷമായ വിമര്‍ശനമാണ് ഉള്ളത്. ലക്ഷദ്വീപിന്റെ സവിശേഷത സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്രത്തിനുണ്ട്. പുതിയ നിയമങ്ങളുമായി വന്നിട്ടുള്ള അഡ്മിനിസ്ട്രേറ്റര്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവന മാര്‍ഗ്ഗവും സംരക്ഷിക്കാന്‍ കേന്ദ്രം ഇടപെടണം. ദ്വീപ് ജനതയുടെ ആശങ്ക അടിയന്തിരമായി പരിഹരിക്കണമെന്നും വിവാദ പരിഷ്‌ക്കാരങ്ങള്‍ പിന്‍വലിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

Similar News