ലോക്ക് ഡൗണ്‍: ഏപ്രില്‍ 14നു ശേഷവും നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും
കഴിഞ്ഞ ആഴ്ച നടന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിലും ലോക്ക് ഡൗണ്‍ മൊത്തം പിന്‍വലിക്കേണ്ടതില്ലെന്ന നിലപാടാണ് ഉയര്‍ന്നുവന്നത്.
ന്യൂഡല്‍ഹി: കൊറോണ രോഗവ്യാപനത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കുകയാണെങ്കിലും അതിനു ശേഷവും നിയന്ത്രണങ്ങള്‍ തുടരാന്‍ സാധ്യത. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18ആണ് റിപോര്‍ട്ട് ചെയ്തത്. ലോക്ക് ഡൗണ്‍ നീട്ടണമെന്ന് നിരവധി സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് കത്തെഴുതിയിരുന്നെങ്കിലും ഏപ്രില്‍ 14 നു ശേഷം ലോക്ക് ഡൗണ്‍ നീട്ടില്ലെന്ന് ഒരാഴ്ച മുമ്പ് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ പറഞ്ഞിരുന്നു.
തിങ്കളാഴ്ച രാവിലത്തെ കണക്കനുസരിച്ച് ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 4000 കടന്നു. 109 പേര്‍ മരിക്കുകയും ചെയ്തു. ഓരോ നാല് ദിവസം കൂടുന്തോറും രോഗബാധിതരുടെ എണ്ണം ഇരട്ടിയാവുന്ന പ്രവണതയാണ് കാണുന്നത്. ഇതേ രീതിയില്‍ പോയാല്‍ ഇന്ത്യയിലെ ആശുപത്രികള്‍ക്ക് താങ്ങാനാവാത്ത രീതിയില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കാനിടയുണ്ട്.
മറ്റൊരു സാധ്യത ഹോട്ട് സ്‌പോട്ടുകളായി തിരഞ്ഞെടുക്കുന്ന പ്രദേശങ്ങള്‍ മാത്രം അടച്ചിടുക എന്നതാണ്. നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ 20 ഹോട്ട് സ്‌പോട്ടുകളാണ് കണ്ടെത്തിയിട്ടുള്ളത്. മറ്റൊരു 22 ഹോട്ട് സ്‌പോട്ടുകളാവാന്‍ സാധ്യതയുള്ള പ്രദേശങ്ങളുമുണ്ട്.
ഈ വിവരങ്ങളൊക്കെ പ്രധാനമന്ത്രി ഇന്ന് നടക്കുന്ന കാബിനറ്റ് മീറ്റിങ്ങില്‍ ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്. അവസാന തീരുമാനം പ്രധാനമന്ത്രിക്ക് വിട്ടേക്കും.
കഴിഞ്ഞ ആഴ്ച നടന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിലും ലോക്ക് ഡൗണ്‍ മൊത്തം പിന്‍വലിക്കേണ്ടതില്ലെന്ന നിലപാടാണ് ഉയര്‍ന്നുവന്നത്.