സമ്പന്ന രാജ്യങ്ങള്‍ കൊവിഡ് വാക്‌സിനുകള്‍ വാങ്ങിക്കൂട്ടി: വിമര്‍ശനവുമായി ആംനസ്റ്റി
അടിയന്തര നടപടികള്‍ ഉണ്ടായില്ലെങ്കില്‍ അടുത്ത വര്‍ഷം 70ഓളം ദരിദ്ര രാജ്യങ്ങളില്‍ പത്തില്‍ ഒരാള്‍ക്ക് എന്ന തോതില്‍ മാത്രമെ വാക്‌സിന്‍ നല്‍കാന്‍ കഴിയൂവെന്ന് ആംനസ്റ്റി മുന്നറിയിപ്പു നല്‍കുന്നു.
പാരിസ്: സമ്പന്ന രാജ്യങ്ങള്‍ അമിതമായ അളവില്‍ കൊവിഡ് വാക്‌സിനുകള്‍ വാങ്ങിക്കൂട്ടി എന്ന വിമര്‍ശനവുമായി ആംനസ്റ്റി ഇന്റര്‍നാഷണല്‍. ഇത് ദരിദ്ര രാജ്യങ്ങളിലെ കോടിക്കണക്കിന് ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭിക്കാത്ത സ്ഥിതിയുണ്ടാക്കുമെന്നും ആംനസ്റ്റി ആരോപിച്ചു. ആവശ്യമായതിനേക്കാള്‍ മൂന്നിരട്ടി വാക്‌സിനാണ് പല വികസിത രാജ്യങ്ങളും വാങ്ങുന്നത്. 2021 അവസാനം വരെ വേണ്ടിവരുന്ന വാക്‌സിന്‍ സമ്പന്ന രാജ്യങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്.
ഇതിനെതിരേ അടിയന്തര നടപടികള്‍ ഉണ്ടായില്ലെങ്കില്‍ അടുത്ത വര്‍ഷം 70ഓളം ദരിദ്ര രാജ്യങ്ങളില്‍ പത്തില്‍ ഒരാള്‍ക്ക് എന്ന തോതില്‍ മാത്രമെ വാക്‌സിന്‍ നല്‍കാന്‍ കഴിയൂവെന്ന് ആംനസ്റ്റി മുന്നറിയിപ്പു നല്‍കുന്നു. ആഗോള ജനസംഖ്യയുടെ 14 ശതമാനത്തെ മാത്രം പ്രതിനിധീകരിക്കുന്ന സമ്പന്ന രാജ്യങ്ങള്‍ ഇപ്പോള്‍ വാക്‌സിനുകളുടെ 53 ശതമാനവും വാങ്ങിക്കൂട്ടി. ജനസംഖ്യാ ആനുപാതികമായി നോക്കുമ്പോള്‍ കാനഡയാണ് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ സംഭരിച്ചത്. ഓരോ പൗരനും അഞ്ചു തവണ നല്‍കാനുള്ള കൊവിഡ് വാക്‌സിന്‍ കാനഡ സ്വന്തമാക്കിയിട്ടുണ്ട്.
ഇത്തരം സംഭരണം മറികടക്കാനും എല്ലാവര്‍ക്കും വാക്‌സിനുകള്‍ ലഭ്യമാക്കാനും വാക്‌സിനുകളുടെ ബൗദ്ധിക സ്വത്തവകാശം ലോകവ്യാപകമായി പങ്കുവെക്കാന്‍ സര്‍ക്കാരുകളും മരുന്നു കമ്പനികളും തയ്യാറാകണമെന്ന് ആംനസ്റ്റി, ഫ്രണ്ട്‌ലൈന്‍ എയ്ഡ്‌സ്, ഗ്ലോബല്‍ ജസ്റ്റിസ് നൗ, ഓക്‌സ്ഫാം എന്നീ സംഘടനകള്‍ ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടനയുടെ ആഗോള കൊവിഡ് വാക്‌സിന്‍ പദ്ധതിയായ കോവാക്‌സില്‍ 189 രാജ്യങ്ങള്‍ പങ്കുചേര്‍ന്നിട്ടുണ്ട്. എല്ലാ രാജ്യങ്ങള്‍ക്കിടയിലും തുല്യമായി വാക്‌സിന്‍ വിതരണമാണ് ഇതുവഴി ലക്ഷ്യമിടുന്നത്. എന്നാല്‍ യുഎസ് ഇതില്‍ പങ്കാളിയായിട്ടില്ല. 2021 അവസാനത്തോടെ 200 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കാനാണ് കോവാക്‌സ് പദ്ധതി ലക്ഷ്യമിടുന്നത്.