'ഹര്‍ ഘര്‍ ദസ്തക്' കാംപയിന്‍: രാജ്യത്തെ വാക്‌സിന്‍ വിതരണം 115 കോടി കടന്നു

Update: 2021-11-19 01:39 GMT

ന്യൂഡല്‍ഹി: ഇന്ത്യയിലെ കൊവിഡ്19 വാക്‌സിന്‍ വിതരണം 115 കോടി കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ വ്യാഴാഴ്ച അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ സഹായിക്കുന്ന 'ഹര്‍ ഘര്‍ ദസ്തക്' കാമ്പയിനെ ആരോഗ്യമന്ത്രി അഭിനന്ദിച്ചു. 

'ഇന്ത്യയുടെ വാക്‌സിനേഷന്‍ കവറേജ് 115 കോടി കവിയുമ്പോള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ സത്യമായിരിക്കുന്നു. ഇന്ത്യക്കാര്‍ എന്തെങ്കിലും ചെയ്യാന്‍ തീരുമാനിച്ചാല്‍ നടക്കാത്തതായി ഒന്നുമില്ല. 'ഹര്‍ ഘര്‍ ദസ്തക്' കാംപയിന്‍ വാക്‌സിനേഷന്‍ പദ്ധതിയെ ശക്തിപ്പെടുത്തുന്നു'- മാണ്ഡവ്യ ട്വീറ്റ് ചെയ്തു.

രാജ്യത്തെ പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം 'ഹര്‍ ഘര്‍ ദസ്തക്' കാംപയിന്‍ ആവിഷ്‌കരിച്ചത്. വീടുവീടാന്തരം കയറിയിറങ്ങി വാക്‌സിന്‍ നല്‍കുന്ന പദ്ധതിയുടെ ഭാഗമാണ് ഇത്. പരമാവധി പേരിലേക്ക് ചുരുങ്ങിയത് ഒരു ഡോസെങ്കിലും എത്തിക്കുകയാണ് ലക്ഷ്യം. നവംബര്‍ 2ാം തിയ്യതി ധന്വന്തരി ദിവസ് ദിനത്തിലാണ് പദ്ധതി തുടങ്ങിയത്. വാക്‌സിന്‍ കേന്ദ്രങ്ങളിലേക്ക് പോകാന്‍ കഴിയാത്തവര്‍ക്കുകൂടി ഈ പദ്ധതി വഴി വാക്‌സിന്‍ നല്‍കും. ഈ കാമ്പയിന്‍ നവംബര്‍ 3 മുതല്‍ നവംബര്‍ 30 വരെ നീണ്ടുനില്‍ക്കും.

അതേസമയം, ഈ വര്‍ഷം ഇന്ത്യ 65 ദശലക്ഷത്തിലധികം കൊവിഡ് വാക്‌സിനുകള്‍ 100 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച പറഞ്ഞു.

Tags:    

Similar News