പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കയിലുണ്ടായ കലാപത്തില്‍ ഇതുവരെ 337 പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ഗൗട്ടെംഗ് പ്രവിശ്യയില്‍ 258 പേരും ക്വാസുലുനടാല്‍ പ്രവിശ്യയില്‍ 58 പേരും കൊല്ലപ്പെട്ടതായി മന്ത്രി ഖുംബുഡ്‌സോ നത്ഷവേനി പറഞ്ഞു.
അഴിമതി അന്വേഷണത്തെ തുടര്‍ന്ന് മുന്‍ പ്രസിഡന്റ് ജേക്കബ് സുമ 15 മാസം തടവ് അനുഭവിക്കാന്‍ തുടങ്ങിയതിന്റെ ഒരു ദിവസത്തിന് ശേഷമാണ് ഈ മാസം ആദ്യം രാജ്യത്ത് വ്യാപകമായ കൊള്ളയും കലാപവും ആരംഭിച്ചത്. വര്‍ണ്ണവിവേചനം അവസാനിച്ചതിന് ശേഷം ഉണ്ടായ ഏറ്റവും മോശമായ അവസ്ഥയാണ് ദക്ഷിണാഫ്രിക്കയില്‍ ഇപ്പോഴുള്ളത്. സുമയുടെ ജന്മനാടായ ക്വാസുലുനടാല്‍, ഗൗട്ടെംഗ് എന്നിവടങ്ങളിലാണ് അക്രമം രൂക്ഷമായത്. അക്രമത്തിന് പ്രേരിപ്പിച്ചുവെന്നാരോപിച്ച് റേഡിയോ ജോക്കി ഉള്‍പ്പെടെ ആറ് പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.