ആര്‍എസ്എസ് ബാലമന്ദിരങ്ങള്‍ ആയുധപരിശീലന കേന്ദ്രങ്ങളായി മാറുന്നു; അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ

Update: 2022-06-14 08:07 GMT

പത്തനംതിട്ട: ജില്ലയില്‍ ആര്‍എസ്എസ് നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ബാലികാ സദനങ്ങളുടെ പ്രവര്‍ത്തനം ദുരൂഹമാണെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ഡിവൈഎഫ്‌ഐ. ആര്‍എസ്എസ് ബാലമന്ദിരങ്ങള്‍ ആയുധപരിശീലന കേന്ദ്രങ്ങളായി മാറുന്നു. കോന്നി എലിയറയ്ക്കലിലെ ബാലികാ സദനത്തില്‍ ദലിത് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ കുറ്റക്കാരെ നിയമത്തിനുമുമ്പില്‍ കൊണ്ടുവരണം. പെണ്‍കുട്ടി പീഡനത്തിനിരയായതായാണ് പ്രാഥമിക വിവരം. 2017ലും കോന്നിയിലെ സ്ഥാപനത്തില്‍ ഒരു പെണ്‍കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ബി നിസാം പത്തനംതിട്ടയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ആര്‍എസ്എസ് നിയന്ത്രണത്തില്‍ പുല്ലാട് പ്രവര്‍ത്തിക്കുന്ന ശിവപാര്‍വതി ബാലിക സദനത്തില്‍ നിന്നും പീഡനം സഹിക്കവയ്യാതെ രണ്ട് പണ്‍കുട്ടികള്‍ മതില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. ചുറ്റുംകൂടിയ നാട്ടുകാര്‍ക്കിടയില്‍ നിന്നും ബൈക്കിലും, കാറിലുമായെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പെണ്‍കുട്ടികളെ ബലമായി വീണ്ടും ബാലികാ സദനത്തിലെത്തിക്കുകയായിരുന്നു. ജീവിതദുരിതം പേറുന്ന കുട്ടികളെ സംരക്ഷിക്കാമെന്ന പേരില്‍ ആര്‍എസ്എസ് നടത്തുന്ന ബാലസദനങ്ങളുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണം. ആര്‍എസ്എസ് സ്ഥാപനങ്ങളില്‍ പട്ടികജാതി വിഭാഗത്തിലുള്ളവര്‍ക്ക് പ്രത്യേക വേര്‍തിരിവുണ്ട്.

അടൂരിലെ പള്ളിക്കലില്‍ ആണ്‍കുട്ടികള്‍ക്കായുള്ള വിവേകാനന്ദാ ബാലാശ്രമത്തിലും കുട്ടികളെ അതിക്രൂരമായ മര്‍ദ്ദന മുറകള്‍ക്ക് വിധേയമാക്കിയതായി റിപോര്‍ട്ടുണ്ട്. മര്‍മം ഒഴിവാക്കി എങ്ങനെ മര്‍ദ്ദിക്കാമെന്ന് ശാഖാപരിശീലനം ഇത്തരം സ്ഥാനപനങ്ങളില്‍ നടക്കുന്നതായി ആക്ഷേപമുണ്ട്. വിവേകാന്ദ ബാലാശ്രമതതിനെതിരേ മൂന്ന് പോലിസ് കേസുകള്‍ നിലനില്‍ക്കുന്നു. ആര്‍എസ്എസ് ബാലമന്ദിരങ്ങളുടെ പ്രവര്‍ത്തന രീതിയെക്കുറിച്ച് സമഗ്രാന്വേഷണം ആവശ്യപ്പെടുന്നത് ഈ സാഹചര്യത്തിലാണ്. ജാതിപീഡനം, കുട്ടികളെ ഉപയോഗിച്ചുള്ള ആയുധ പരിശീലനം എന്നിവ സംബന്ധിച്ച് പോലിസും ശിശുക്ഷേമ വകുപ്പും അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.

ആര്‍എസ്എസ്സിന്റെ ആയുധസംഭരണ കേന്ദ്രങ്ങളായി ബാലമന്ദിരങ്ങള്‍ മാറുന്നു. വിദ്യാര്‍ഥികളെ വര്‍ഗീയ തീവ്രവാദികളാക്കാനുള്ള പരിശീലനമാണ് ഇവിടങ്ങളില്‍ നടക്കുന്നത്. അതിനെതിരേ നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ മറ്റുള്ളവര്‍ക്ക് മര്‍ദ്ദനമുറകള്‍ പരിശീലിക്കാനുള്ള ഉപകരണമായി മാറി ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് വിധേയമാവുന്നു. സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള ബാലമന്ദിരങ്ങള്‍ ആയുധപരിശീലന കേന്ദ്രങ്ങളായി മാറുന്നു. വിവിധ ഇടങ്ങളില്‍ ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്.

ബാലമന്ദിരങ്ങളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് പ്രത്യേക അന്വേഷണം നടത്തി സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കണം. പൊതുജനങ്ങളുമായി ബന്ധമില്ലാത്ത നിഗൂഢകേന്ദ്രങ്ങളായി ബാലാശ്രമങ്ങള്‍ മാറുന്ന സഹചര്യത്തില്‍ ഇവിടങ്ങളിലെ അന്തേവാസികളെ സുരക്ഷിത സ്ഥാപനങ്ങളിലേക്ക് മാറ്റണമെന്ന് ഡിവൈഎഫ്‌ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എം സി അനീഷ് കുമാര്‍, ജില്ലാ ട്രഷറര്‍ എം അനീഷ്‌കുമാര്‍, സംസ്ഥാന കമ്മിറ്റി അംഗം ജോബി ടി ഈശോ ജില്ലാ കമ്മിറ്റി അംഗം എന്‍ എസ് രാജീവ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Similar News