കോഴിക്കോട്: കേരള ഫോക്ക്‌ലോര്‍ അക്കാദമി നല്‍കിയ 'ഗുരുപൂജ' പുരസ്‌കാരത്തുക മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലെ വാക്‌സിന്‍ ചാലഞ്ചിലേക്ക് സംഭാവനയായി നല്‍കി മുതിര്‍ന്ന കലാകാരി എന്‍ പി റുഖിയ മാതൃകയായി. മാപ്പിള കലകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചതിന് ലഭിച്ച തുകയാണ് കൈമാറിയത്. വനശ്രീയില്‍ നടന്ന ചടങ്ങില്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് തുക ഏറ്റുവാങ്ങി. ലോക് ഡൗണ്‍ കാലത്ത് ഏറെ പ്രയാസമനുഭവിക്കുന്ന ജനവിഭാഗമാണ് കലാകാരന്‍മാരെന്നും റുഖിയയെപ്പോലെയുള്ളവരുടെ മഹാമനസ്‌കത ഏറെ പ്രശംസനീയവും മാതൃകാപരവുമാണെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി മാപ്പിളപ്പാട്ട്, ഒപ്പന പരിശീലനത്തിനും ഉന്നമനത്തിനും നിരന്തരം പ്രവര്‍ത്തിച്ച വ്യക്തിയാണ് റുഖിയ . കോവിഡ് മഹാമാരി കാരണം സമൂഹം കഷ്ടതയനുഭവിക്കുമ്പോള്‍ അവരുടെ കൂടെ നില്‍ക്കുക എന്ന ദൗത്യം നിറവേറ്റാനാണ് പുരസ്‌കാരത്തുക സംഭവനയായി നല്‍കിയതെന്ന് റുഖിയ പറഞ്ഞു.
ചടങ്ങില്‍ മാപ്പിളപ്പാട്ട് ഗവേഷകനും വിധികര്‍ത്താവുമായ ഫൈസല്‍ എളേറ്റില്‍, എഴുത്തുകാരനും കാര്‍ട്ടൂണിസ്റ്റുമായ ഉസ്മാന്‍ ഇരുമ്പുഴി, മാപ്പിളപ്പാട്ട് ഗായകന്‍ അനസ് താഴത്ത് വീട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.