ശബരിമല: ഖേദപ്രകടനം കൊണ്ട് കാര്യമില്ല, കോടതിയില്‍ സത്യവാങ്മൂലം നല്‍കുമോയെന്ന് ദേവസ്വം മന്ത്രിയോട് എന്‍എസ്എസ്
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ മനംമാറ്റത്തില്‍ അവിശ്വാസം പ്രകടിപ്പിച്ച് എന്‍എസ്എസ്. ശബരിമല യുവതീപ്രവേശ വിഷയത്തില്‍ സര്‍ക്കാരിന്റെ ഖേദപ്രകടനം കൊണ്ട് കാര്യമില്ലെന്നും സുപ്രിംകോടതിയില്‍ സത്യവാങ് മൂലം നല്‍കുകയാണ് വേണ്ടതെന്നും നായര്‍ സര്‍വീസ് സൊസൈറ്റി. ഇപ്പോഴത്തെ പ്രസ്താവന ഏത് സാഹചര്യത്തിലാണ് വന്നത് എന്ന് എല്ലാവര്‍ക്കും അറിയാമെന്നും അത് മനസ്സിലാക്കാവുന്നതേയുള്ളൂവെന്നും സത്യവാങ് മൂലം നല്‍കാന്‍ സത്വരനടപടികള്‍ കൈക്കൊള്ളുകയാണ് ദേവസ്വം മന്ത്രി ചെയ്യേണ്ടതെന്നും എന്‍എസ്എസ്സ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
യുവതീപ്രവേശവുമായി ബന്ധപ്പെട്ട 2018ല്‍ ശബരിമലയില്‍ ഉണ്ടായ സംഭവവികാസങ്ങളില്‍ ഖേദം ഉണ്ടെന്ന വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ടാണ് എന്‍എസ്എസ് പത്രക്കുറിപ്പ് ഇറക്കിയത്.
സുപ്രിംകോടതിയില്‍ നിലവിലുള്ള ശബരിമല സ്ത്രീപ്രവേശ കേസില്‍ 2007ലാണ് ഇടത് സര്‍ക്കാര്‍ യുവതീപ്രവേശത്തിന് അനുകൂലമായി സത്യവാങ് മൂലം നല്‍കുന്നത്. എന്നാല്‍ പിന്നീട് അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാര്‍ അതിന് എതിര്‍നിലപാട് സ്വീകരിച്ചു. 2016ല്‍ അധികാരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ 2007ലെ സത്യവാങ് മൂലത്തില്‍ ഉറച്ചുനിന്നു. തുടര്‍ന്നാണ് 2018ല്‍ എല്ലാ യുവതികളെയും ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന വിധിയുണ്ടായത്.
സുപ്രിംകോടതി വിധി നടപ്പാക്കുന്നതിനെതിരേ സംഘപരിവാര്‍ സംഘടനകള്‍ പ്രക്ഷോഭം ആരംഭിച്ചു. ഇക്കാലത്ത് നിരവധി കേസുകളും ചുമത്തി. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ഗുരുതരമല്ലാത്ത എല്ലാ ശബരിമല കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്നാണ് ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടിനെത്തള്ളി കടകംപള്ളി രംഗത്തുവന്നത്.