നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി 400 കോടിയുടെ കള്ളപ്പണമൊഴുക്കി; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി സലിം മടവൂര്‍
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്‌പെഷ്യല്‍ കമ്മിറ്റി രൂപീകരിച്ച് ബിജെപിയുടെ കള്ളപ്പണമിടപാട് അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് വേളയില്‍ കേരളത്തില്‍ ബിജെപി 400 കോടിയുടെ കള്ളപ്പണമൊഴുക്കിയെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്‌പെഷ്യല്‍ കമ്മിറ്റി രൂപീകരിച്ച് കൊടകര ഹവാല പണമിടപാട് അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു.
തൃശൂര്‍ കൊടകരയില്‍ വച്ച് 25 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടതെന്ന് ബിജെപി പ്രവര്‍ത്തകന്‍ ധര്‍മരാജന്‍ പറയുമ്പോഴും പോലിസ് 1.5 കോടി ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഏപ്രില്‍ മൂന്നിന് നഷ്ടപ്പെട്ടു എന്നു പറയുന്ന പണം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കൊണ്ട് വന്നതാണ്.
ഹവാല പണം കൈവശം വെച്ച ധര്‍മരാജന്‍ തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥിയും എംപിയുമായ സുരേഷ് ഗോപിയുടെ ഓഫിസ് സന്ദര്‍ശിച്ചിരുന്നു. അതുകൊണ്ട് സുരേഷ് ഗോപിയെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കണം.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ യാത്രയില്‍, കള്ളപ്പണം കറുത്ത ബാഗുകളില്‍ കടത്തിയതായി ദൃശ്യമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഹെലികോപ്റ്ററില്‍ നിന്ന് കാറിലേക്ക് ഈ ബാഗുകള്‍ മാറ്റുന്ന ദൃശ്യം മാധ്യമങ്ങള്‍ നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കെ സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ യാത്രയെകുറിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷിക്കണം.
മഞ്ചേശ്വരത്തെ സ്വതന്ത്ര സ്ഥാനാര്‍ഥി കെ സുന്ദരയെ 2.5 ലക്ഷം രൂപ കൊടുത്തു ഭീഷണിപ്പെടുത്തി സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍വലിപ്പിച്ചിരുന്നു. പണത്തിനൊപ്പം വിലകൂടിയ ഐ ഫോണും നല്‍കിയിരുന്നു.
സുല്‍ത്താന്‍ ബത്തേരിയില്‍ സ്ഥാനാര്‍ഥിയാകാനും ബിജെപി ഉള്‍പ്പെടുന്ന എന്‍ഡിഎ മുന്നണിയില്‍ ചേരാനും 10 കോടി രൂപ സികെ ജാനു ആവശ്യപ്പെട്ടതായും 10 ലക്ഷം കെ സുരേന്ദ്രന്‍ നല്‍കിയതായും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി ഖജാന്‍ജി പ്രസീത അഴീക്കോട് വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ അഞ്ച് മുതല്‍ ആറ് കോടി വരെ 35 മണ്ഡലങ്ങളില്‍ നല്‍കിയിരുന്നു. ബാക്കി മണ്ഡലങ്ങളില്‍ മൂന്ന് മുതല്‍ നാല് കോടിവരെയും നല്‍കിയിരുന്നുവെന്നും സലിം മടവൂര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ പരാതിയില്‍ പറയുന്നു.