ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് ലോക് ഡൗണിന് സമാനമായ നിയന്ത്രണമെന്ന് മുഖ്യമന്ത്രി
അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലത്തിന് തുല്യമായ രേഖ കയ്യില്‍ സൂക്ഷിക്കണം; തിങ്കളാഴ്ച രാഷ്ട്രീയ പാര്‍ട്ടികളുമായി യോഗം
തിരുവനന്തപുരം: ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത്് ലോക് ഡൗണിന് സമാനമായ രീതിയാണ് ഉണ്ടാവുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ സംസ്ഥാനത്ത് ഗുരുതര സാഹചര്യമാണ്. വായുവിലൂടെ രോഗം പകരാന്‍ സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് എല്ലാവരും വീടുകളില്‍ തന്നെ തുടരണം.
ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല. സംസ്ഥാനത്തെ വാക്‌സിനേഷന്‍ പ്രക്രിയ അതേ പടി തുടരും. വിവാഹം, മറ്റു അടിയന്തിയ ആവശ്യങ്ങള്‍ക്ക് മതിയായ രേഖകള്‍ കയ്യില്‍ കരുതണം. ക്ഷണക്കത്ത്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ കരുതണം. അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലത്തിന് തുല്യമായ രേഖ കയ്യില്‍ സൂക്ഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിങ്കളാഴ്ച രാഷ്ട്രീയ പാര്‍ട്ടികളുമായി നടത്തുന്ന യോഗത്തില്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണം തുടരണോ എന്നു തീരുമാനിക്കും. മലപ്പുറത്തെ പള്ളികളിലെ നിയന്ത്രണവും അന്ന് ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
50 ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ എന്ന കേരളത്തിന്റെ ആവശ്യം ന്യായമുള്ളതാണെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു. നിലവിലുള്ള 4 ലക്ഷം ഡോസിന്റെ സ്‌റ്റോക്ക് രണ്ട് ദിവസം കൊണ്ട് തീരും. ആദ്യ ഡോസ് വാക്‌സിന്‍ 55.9 ലക്ഷം പേര്‍ക്ക് നല്‍കി. രണ്ടാമത്തെ ഡോസ് 8.37 ലക്ഷം പേര്‍ക്കും നല്‍കി. അതിനാല്‍ കേരളത്തിന് ആവശ്യമായ വാക്‌സിന്‍ എത്രയും പെട്ടെന്ന് ലഭ്യമാക്കണെന്ന് കേന്ദ്രത്തെ അറിയിച്ചതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ മഹാമാരിയുടെ ഘട്ടത്തില്‍ സംസ്ഥാനങ്ങള്‍ അനുഭവിക്കുന്ന സാമ്പത്തിക പരാധീനത പരിഗണിച്ച് എല്ലാ സംസ്ഥാനങ്ങള്‍ക്കും സൗജന്യമായി വാക്‌സിന്‍ ലഭ്യമാക്കി ദേശീയ തലത്തില്‍ തന്നെ ഹേര്‍ഡ് ഇമ്മ്യൂനിറ്റി വികസിപ്പിച്ചെടുക്കണം എന്നതാണ് കേരളത്തിന്റെ നിലപാട്.
400 രൂപയ്ക്ക് വാക്‌സിന്‍ പൊതുവിപണിയില്‍ നിന്ന് വാങ്ങണം എന്നുണ്ടെങ്കില്‍ ഏകദേശം 1,300 കോടി ഇപ്പോള്‍ ചെലവ് വരും. ഇത് സംസ്ഥാനത്തിനുമേല്‍ അധിക സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കും. കാരണം, ഈ മഹാമാരിയുടെ ഘട്ടത്തില്‍ ഇപ്പോള്‍ തന്നെ അടിയന്തര ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കി ആളുകളുടെ ജീവന്‍ സംരക്ഷിക്കാന്‍ സംസ്ഥാനത്തിന് വലിയ തോതില്‍ പണം ചെലവഴിക്കേണ്ടി വരുന്നുണ്ട് എന്നതും പ്രധാന മന്ത്രിയുമായുള്ള വിഡിയോ കോണ്‍ഫറന്‍സില്‍ ചൂണ്ടിക്കാട്ടി. ക്രഷ് ദി കേര്‍വ് എന്ന സംസ്ഥാനത്തിന്റെ ലക്ഷ്യത്തിന് കേന്ദ്രത്തിന്റെ എല്ലാ സഹകരങ്ങളും അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കും എന്ന വാക്ക് സര്‍ക്കാര്‍ പാലിക്കും. വാക്‌സിന്‍ സൗജന്യമാക്കണമെന്ന് പ്രധാനമന്ത്രിയുമായി നടന്ന യോഗത്തില്‍ ആവശ്യമുന്നയിച്ചിരുന്നുവെങ്കിലും പ്രധാനമന്ത്രി ഇതുസംബന്ധിച്ച് വ്യക്തമാക്കിയില്ല.
കൊവിഡ് മഹാമാരിയെ നേരിടുന്നതിന് ഇന്ന് ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവനയായി ലഭിച്ചു. പ്രളയകാലത്ത് ആടിനെ വിറ്റ് സംഭാവന ചെയ്ത കൊല്ലം സ്വദേശി സുബൈദ ഇക്കുറി 5000 രൂപ സംഭാവന നല്‍കി. കൂടുതല്‍ വ്യക്തികളും സ്ഥാപനങ്ങളും മുന്നോട്ട് വരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.