കേരളത്തിലും പേര് ചോദിച്ച് മര്‍ദനം; സൈനുല്‍ ആബിദ് കൊലക്കേസിലെ പ്രതി അറസ്റ്റില്‍
കാസര്‍കോട്: എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന യുവാക്കളെ പേര് ചോദിച്ച് മര്‍ദിച്ച സംഭവത്തില്‍ കൊലക്കേസ് അടക്കം എട്ടു കേസുകളിലെ പ്രതിയെ പോലിസ് അറസ്റ്റു ചെയ്തു. സംഘപരിവാര പ്രവര്‍ത്തകനായ കുഡ്‌ലു വ്യൂവേഴ്‌സ് കോളനിയിലെ തേജു എന്ന അജയ് കുമാര്‍ ഷെട്ടി (23) യെയാണ് കാസര്‍കോട് ടൗണ്‍ എസ്‌ഐ ആനന്ദനും സംഘവും അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ കറന്തക്കാട് വച്ചാണ് അജയ്കുമാര്‍ ഷെട്ടിയെ അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
തിങ്കളാഴ്ച പുലര്‍ച്ചെ 1.10 മണിയോടെയാണ് കറന്തക്കാട് താളിപ്പടുപ്പ് മൈതാനത്തിന് സമീപംവച്ച് കാഞ്ഞങ്ങാട് മരക്കാപ്പ് കടപ്പുറത്തെ അഷ്‌റഫിന്റെ മകന്‍ സി എച്ച് ഫായിസ് (23), സുഹൃത്ത് അബ്ദുല്ലയുടെ മകന്‍ അനസ് (21) എന്നിവരെ കാര്‍ തടഞ്ഞ് അക്രമിച്ചത്. ഈ കേസില്‍ അജയ് കുമാറിനൊപ്പമുണ്ടായിരുന്ന കൂട്ടുപ്രതിയെ പോലിസ് തിരയുകയാണ്. ഗള്‍ഫില്‍ നിന്നും വരുന്ന അനസിന്റെ ബന്ധുവിനെ കൂട്ടിക്കൊണ്ടുവരാനായി മംഗളൂരു വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു ഇരുവരും. ഇതിനിടെ കാറില്‍ ബ്ലൂടൂത്ത് കണക്ട് ചെയ്യുന്നതിനായി കറന്തക്കാട് താളിപ്പടുപ്പ് ഗ്രൗണ്ടിന് സമീപം കാര്‍ നിര്‍ത്തുകയായിരുന്നു. ഈ സമയം എത്തിയ പ്രതികള്‍ കാറിന്റെ ഗ്ലാസില്‍ തട്ടുകയും ഗ്ലാസ് തുറന്നപ്പോള്‍ പേര് ചോദിച്ച് കാറിന് പുറത്തേക്ക് വലിച്ച് താഴെയിട്ട് അക്രമിക്കുകയായിരുന്നുവെന്നുമായിരുന്നു യുവാക്കളുടെ പരാതി.
2014 ഡിസംബര്‍ 22ന് നടന്ന സൈനുല്‍ ആബിദ് വധക്കേസിലെ ഒമ്പതാം പ്രതിയാണ് അറസ്റ്റിലായ അജയ് കുമാര്‍ ഷെട്ടി. ഇതുകൂടാതെ പോലിസിനെ ദേഹോപദ്രവം ഏല്‍പിക്കാന്‍ ശ്രമിച്ചതിനും ബസ് തടഞ്ഞ് ബസ് ഡ്രൈവറെ അക്രമിച്ച കേസിലും പോലിസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്താന്‍ ശ്രമിച്ച കേസിലും അജയ് കുമാര്‍ പ്രതിയാണ്. സൈനുല്‍ ആബിദ് കൊലക്കേസിന് പുറമെ കഴിഞ്ഞ ദിവസം നടന്ന സംഭവം അടക്കം 308 പ്രകാരം മൂന്ന് നരഹത്യാശ്രമക്കേസിലും അജയ്കുമാര്‍ പ്രതിയാണെന്ന് പോലിസ് വ്യക്തമാക്കി.