കുഴിമന്തി: നടന്‍ ശ്രീരാമന്റെ പോസ്റ്റിലെ കമന്റ് പിന്‍വലിച്ച് ശാരദക്കുട്ടിയും
കോഴിക്കോട്: കുഴിമന്തി എന്ന വാക്ക് മലയാളഭാഷയെ മലിനമാക്കുന്നുവെന്ന നടന്‍ ശ്രീരാമന്റെ ഫേസ്ബുക്ക് പോസ്റ്റിലെ കമന്റ് പിന്‍വലിച്ച് എഴുത്തുകാരി ശാരദക്കുട്ടിയും. വിമര്‍ശനം പരിഗണിച്ച് സുനില്‍ പി ഇളയിടം പോസ്റ്റ് പിന്‍വലിച്ചതിനു തൊട്ടുപിന്നാലെയാണ് ശാരദക്കുട്ടിയുടെയും കമന്റ് പിന്‍വലിക്കല്‍.
''ഏതു രൂപത്തിലായാലും ഫാഷിസം തന്നെ ഭയപ്പെടുത്തുന്നതു കൊണ്ടാണെന്നും താന്‍ തന്റെ ഭാഷയില്‍ തീര്‍ത്തും ബോധപൂര്‍വ്വമല്ലാതെ ഒരു ഫാസിസ്റ്റായെങ്കില്‍, അതാരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ വേദനയുണ്ടെന്നും തിരുത്തുന്നു''വെന്നും ശാരദക്കുട്ടി കുറിച്ചു.
അതേസമയം ഒരു ഭക്ഷണം ഇഷ്ടമാണ്. അത് കഴിക്കാനിഷ്ടമാണ്, എന്നു പറയുന്ന അതേ സ്വാതന്ത്ര്യമില്ലേ അതിഷ്ടമല്ല, അത് കഴിക്കാനിഷ്ടമില്ല , എന്തുകൊണ്ടിഷ്ടമില്ല എന്നു പറയാനുമെന്നും അവര്‍ ചോദിച്ചു. അതിന് ബാലന്‍സ് ചെയ്യാനായി, വഴുവഴുത്തതു കൊണ്ട് വെണ്ടക്കായ കറി എനിക്കിഷ്ടമില്ല എന്നൊക്കെ ചേര്‍ത്തു പറഞ്ഞാല്‍ പൊളിറ്റിക്കലി കറക്റ്റ് ആകുമോയെന്നും അവര്‍ ചോദിച്ചു.
ശ്രീരാമന്റെ പോസ്റ്റിന് നല്‍കിയ ലൈക്കില്‍ ഖേദം പ്രകടിപ്പിച്ച സുനില്‍ പി ഇളയിടം മൊളോഷ്യം ഇഷ്ടമല്ലെന്നും കുറിച്ചിരുന്നു.
താന്‍ ഏകാധിപതിയായിരുന്നെങ്കില്‍ മലയാള ഭാഷയെ മലിനമാക്കുന്ന വാക്ക് എന്ന നിലയില്‍ കുഴിമന്തിയെന്ന പേര് നിരോധിക്കുമായിരുന്നുവെന്നാണ് ശ്രീരാമന്‍ പറഞ്ഞത്. ശ്രീരാമന്റെ പോസ്റ്റ് വ്യാപകമായ തോതില്‍ വിമര്‍ശിക്കപ്പെട്ടു.
ശാരദക്കുട്ടിയുടെ പോസ്റ്റ്:
ഒരു ഭക്ഷണം ഇഷ്ടമാണ്. അത് കഴിക്കാനിഷ്ടമാണ്, എന്നു പറയുന്ന അതേ സ്വാതന്ത്ര്യമില്ലേ അതിഷ്ടമല്ല, അത് കഴിക്കാനിഷ്ടമില്ല , എന്തുകൊണ്ടിഷ്ടമില്ല എന്നു പറയാനും .
അതിന് balance ചെയ്യാനായി, വഴുവഴുത്തതു കൊണ്ട് വെണ്ടക്കായ കറി എനിക്കിഷ്ടമില്ല എന്നൊക്കെ കൂടി ചേര്‍ത്തു പറഞ്ഞാല്‍ Politically correct ആകുമോ ?
ശാരദക്കുട്ടി എന്ന പേര് നിങ്ങള്‍ക്കാര്‍ക്കും ഇഷ്ടമല്ല എന്നതുകൊണ്ട് എനിക്ക് പ്രശ്‌നമൊന്നുമില്ല. അത് നിങ്ങള്‍ക്ക് തോന്നുന്ന രീതിയിലെല്ലാം എഴുതി എന്നോടുള്ള ദേഷ്യം തീര്‍ക്കാം. അത് നിങ്ങളുടെ ഇഷ്ടം . നിങ്ങളുടെ സ്വാതന്ത്ര്യം. എന്നെ , എന്റെ ഇഷ്ടങ്ങളെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ വാളുമെടുത്ത് ഇറങ്ങാറില്ല ഞാന്‍ .
സാമ്പാര്‍ , തോരന്‍, രസം ഇതൊന്നും കൂട്ടാനിഷ്ടമില്ലാത്ത എന്റെ മകന് കുഴിമന്തി ഇഷ്ടമാണ്. അത്രേയുള്ളു എനിക്കത് ഇഷ്ടമല്ല എന്നു പറയുമ്പോഴും .
Politically correct ആകാന്‍ പരമാവധി ശ്രമിക്കുന്നത് സമാന്യ മര്യാദ അതാണല്ലോ എന്ന് കരുതി ബോധപൂര്‍വ്വം പരിശ്രമിക്കുന്നതു കൊണ്ടാണ്. ഇടക്ക് കാല്‍ വഴുതുന്നുവെങ്കില്‍ ഇനിയും കൂടുതല്‍ ശ്രദ്ധിക്കാം.
എല്ലാ ഭക്ഷണസാധനങ്ങളും എനിക്കിഷ്ടമല്ല ഇഷ്ടപ്പെടുവാന്‍ സാധ്യവുമല്ല. അതിന് എന്റേതായ കാരണങ്ങളുമുണ്ട്. എന്റെ ഭക്ഷണം , നിന്റെ ഭക്ഷണം എന്നൊക്കെ അതിന് വ്യാഖ്യാനങ്ങള്‍ ഉണ്ടാകുന്നതെങ്ങനെയാണ് ?
Screen shotഒക്കെ ധാരാളം പോയത് കൊണ്ട് കമന്റ് പിന്‍വലിക്കുന്നതിലര്‍ഥമില്ലെന്നറിയാം. എങ്കിലും അതങ്ങു പിന്‍വലിക്കുന്നു. ഏതു രൂപത്തിലായാലും ഫാസിസം എന്നെ ഭയപ്പെടുത്തുന്നതു കൊണ്ടാണത്. ഞാന്‍ എന്റെ ഭാഷയില്‍ തീര്‍ത്തും ബോധപൂര്‍വ്വമല്ലാതെ ഒരു ഫാസിസ്റ്റായെങ്കില്‍, അതാരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ വേദനയുണ്ട്. അതു തിരുത്തി മുന്നോട്ടു പോകുന്നതായിരിക്കും.
എസ്.ശാരദക്കുട്ടി