മാളയില്‍ വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന വിദ്യാര്‍ത്ഥിക്ക് രക്ഷകനായി കരിങ്കല്‍ത്തൊഴിലാളി
മാള: വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ ജീവന്‍ രക്ഷിച്ച് സതീഷ്. മാള പള്ളിപ്പുറം പാങ്കുളം ജലാശയത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. പൊയ്യ ഗ്രാമപഞ്ചായത്ത് പൂപ്പത്തി പാട്ടുകുളങ്ങര സുശീലന്റെ മകന്‍ കൃഷ്ണകുമാറിനെ (17)യാണ് താണിക്കാട് മംഗലത്ത് സതീഷ് (38) രക്ഷപെടുത്തിയത്. കൃഷ്ണകുമാര്‍ അയല്‍വാസികളായ മണപുറത്ത് രാധാകൃഷ്ണന്റെ മകന്‍ അതുല്‍ (15), കണ്ടംകുളത്തി പരേതനായ സുനിലിന്റെ മകന്‍ അനുറാം (17), കിഴക്കന്‍ വീട്ടില്‍ മണിയുടെ മകന്‍ ജഗന്‍ (17) എന്നിവരോടൊപ്പമാണ് കുളിക്കാനായി പാങ്കുളത്തില്‍ എത്തിയത്. 150 മീറ്ററോളം നീളമുള്ള ജലാശശയത്തിന്റെ മറുകരയില്‍ അനുറാം നീന്തിക്കയറി. പിറകെ ജഗന്‍, അതുല്‍ എന്നിവര്‍ക്കൊപ്പം നീന്തിയ കൃഷ്ണകുമാര്‍ കുഴഞ്ഞു മുങ്ങിപ്പോവുകയായിരുന്നു.
കുട്ടികള്‍ ഒച്ചവച്ചതിനെ തുടര്‍ന്ന് സമീപത്ത് കരിങ്കല്‍ ജോലി ചെയ്തു കൊണ്ടിരുന്ന സതീഷ് ഓടിയെത്തി കുളത്തില്‍ ചാടി രക്ഷപെടുത്തി. ഉടന്‍ മാള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷക്ക് ശേഷം വിട്ടയച്ചു. സതീഷിന്റെ സന്ദര്‍ഭോചിതമായ ഇടപെടലാണ് ഒന്നിലേറെ വിദ്യാര്‍ത്ഥികളുടെ ജീവന്‍ രക്ഷിച്ചത്. വീട്ടുകാര്‍ അറിയാതെയാണ് വിദ്യാര്‍ത്ഥികള്‍ കുളിക്കാനെത്തിയത്. സതീഷിനെ നാട്ടുകാര്‍ അഭിനന്ദിച്ചു.