ഇസ്രായേലുമായി സൗദി അറേബ്യ നയതന്ത്രബന്ധം സ്ഥാപിക്കില്ല: തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍

സൗദിയുടെ ഒന്നാമത്തെ പ്രശ്നമാണ് ഫലസ്തീന്‍ പ്രശ്നമെന്നും അറബ് സമാധാന പദ്ധതി പാലിക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും ശൂറാ കൗണ്‍സിലില്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ സല്‍മാന്‍ രാജാവ് വ്യക്തമാക്കിയിട്ടുണ്ട്.

Update: 2020-12-04 09:49 GMT

റിയാദ്: ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കില്ലെന്ന് സൗദി മുന്‍ രഹസ്യാന്വേഷണ വിഭാഗം മേധാവിയും അമേരിക്കയിലെ മുന്‍ സൗദി അംബാസഡറുമായ തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍. അമേരിക്കന്‍ ചാനലായ സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്നതിന് ഒരുക്കങ്ങളൊന്നും നടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


സൗദി അറേബ്യയുടെ വിശ്വാസ്യത ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ വിശ്വാസ്യതയെക്കാള്‍ ഏറെ ഉയര്‍ന്നതാണ്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും തമ്മില്‍ കൂടിക്കാഴ്ച നടത്തി എന്ന റിപ്പോര്‍ട്ടുകള്‍ സൗദി വിദേശ മന്ത്രി പൂര്‍ണമായും നിഷേധിച്ചിട്ടുണ്ട്. ഖേദകരമെന്നു പറയട്ടെ, ഇസ്രായേലില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളാണ് മാധ്യമങ്ങള്‍ പിന്തുടരുന്നത്. സൗദി അറേബ്യയുടെ പ്രസ്താവന മാധ്യമങ്ങള്‍ കണക്കിലെടുക്കുന്നില്ലെന്നും തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു.


പല കാര്യങ്ങളിലും ഇസ്രായേല്‍ ജനതയോട് കള്ളം പറഞ്ഞെന്ന ആരോപണം സ്വന്തം നാട്ടില്‍ നേരിടുന്ന ഭരണാധികാരിയാണ് നെതന്യാഹു. ഇസ്രായേല്‍ ഭരണാധികാരിയുമായി സൗദി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. സ്ഥിരമായി കള്ളം പറയുന്ന ഒരാളെ വിശ്വസിക്കുകയും എല്ലാ കാര്യങ്ങളിലും സത്യം മാത്രം പറയുന്ന ഒരാളെ അവിശ്വസിക്കുന്നതും എങ്ങനെയാണെന്നും തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍ ചോദിച്ചു.


ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്ന കാര്യത്തില്‍ സൗദി അറേബ്യയുടെ നിലപാട് ഉറച്ചതാണ്. സൗദിയുടെ ഒന്നാമത്തെ പ്രശ്നമാണ് ഫലസ്തീന്‍ പ്രശ്നമെന്നും അറബ് സമാധാന പദ്ധതി പാലിക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും ശൂറാ കൗണ്‍സിലില്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ സല്‍മാന്‍ രാജാവ് വ്യക്തമാക്കിയിട്ടുണ്ട്. എന്തുകൊണ്ടാണ് സല്‍മാന്‍ രാജാവിന്റെ വാക്കുകള്‍ വിശ്വസിക്കാതെ, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വാക്കുകള്‍ വിശ്വസിക്കുന്നതെന്ന്, സൗദി അറേബ്യയും ഇസ്രായിലും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിക്കാന്‍ ഒരുക്കങ്ങള്‍ നടക്കുന്നുണ്ടോയെന്ന ചോദ്യത്തിന് മറുപടിയായി തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു.




Tags:    

Similar News