സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് സെല്‍ നിര്‍ത്തലാക്കല്‍: കേരളത്തിലെ ദലിതരോട് ഇടതുസര്‍ക്കാരിന് അയിത്തമെന്ന് തുളസീധരന്‍ പള്ളിക്കല്‍
പട്ടികവിഭാഗങ്ങള്‍ക്കുള്ള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് സെല്‍ പുനസ്ഥാപിക്കുക, സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന മുഴുവന്‍ നിയമനങ്ങളിലും സംവരണം നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ സെക്രട്ടറിയേറ്റിന് മുന്‍പില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ നടത്തി
തിരുവനന്തപുരം: ഇടതു സര്‍ക്കാരിന് ദലിതരോട് ഇപ്പോഴും അയിത്തമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. പട്ടികവിഭാഗങ്ങള്‍ക്കുള്ള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് സെല്‍ പുനസ്ഥാപിക്കുക, സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന മുഴുവന്‍ നിയമനങ്ങളിലും സംവരണം നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ സെക്രട്ടറിയേറ്റിന് മുന്‍പില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂടുതല്‍ കാര്യക്ഷമമാക്കാനാണ് പട്ടികവിഭാഗങ്ങള്‍ക്കുള്ള സ്‌പെഷ്യല്‍ റിക്രൂട്ട് മെന്റ് സെല്‍ നിര്‍ത്തലാക്കിയതെന്ന സര്‍ക്കാര്‍ വാദം പൊള്ളയാണ്. മഹാരാഷ്ട്രയിലും ആന്ധ്രയിലും തെലങ്കാനയിലും ബിഹാറിലും ദലിത് സംവരണം കാര്യക്ഷമായി നടക്കുമ്പോഴാണ് ജനാധിപത്യ കേരളത്തില്‍ പട്ടികവിഭാഗങ്ങളോട് അനീതി കാട്ടുന്നത്.
2019 സെപ്റ്റംബറിലെ കണക്കുപ്രകാരം തന്നെ വലിയ ഉദ്യോഗ നഷ്ടമാണ് പട്ടിക വിഭാഗങ്ങള്‍ക്ക് സംഭവിച്ചിരിക്കുന്നത്. പട്ടിക വിഭാഗങ്ങള്‍ക്ക് 52 ഗസറ്റഡ് പോസ്റ്റുകളടക്കം 888 തസ്തികകളും പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 127 ഗസറ്റഡ് പോസ്റ്റുകളടക്കം 1079 തസ്‌കിതളും നഷ്ടമായിട്ടുണ്ട്. പത്തില്‍ താഴെ വകുപ്പുകളില്‍ മാത്രം നടത്തിയ അന്വേഷണത്തിലാണ് ഈ കുറവ് കണ്ടെത്തിയത്. ഈ കുറവ് നികത്തേണ്ട സെല്ലാണ് ഇടതു സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. അതുപോലെ തന്നെ, സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം നല്‍കുന്ന എയ്ഡഡ് മേഖലയില്‍ സംവരണവിഭാഗങ്ങള്‍ക്ക് ആയിരക്കണക്കിന് പോസ്റ്റുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ആന്ധ്രയിലും തെലുങ്കാനയിലും എയ്ഡഡ് മേഖലയിലെ സംവരണം നടപ്പിലാക്കിയിട്ടും കേരള സര്‍ക്കാര്‍ ആ വിഷയത്തില്‍ യാതൊരുതാല്‍പര്യവും കാണുക്കുന്നില്ല. കേരളത്തിലെ ഇടതു സര്‍ക്കാരിന് ദലിതരോട് ഇപ്പോഴും അയിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ പാര്‍ട്ടി ജില്ലാ ഉപാദ്ധ്യക്ഷന്‍ ജലീല്‍ കരമന അധ്യക്ഷത വഹിച്ചു. മുന്‍ എംപി നീലലോഹിതദാസന്‍ നാടാര്‍, ദ്രാവിഡ ദലിത് ഐക്യമുന്നണി ചെയര്‍മാന്‍ രാജ്‌മോഹന്‍ തമ്പുരാന്‍, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഉസ്മാന്‍, സംസ്ഥാന സമിതിയംഗം അഷ്‌റഫ് പ്രാവച്ചമ്പലം, ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ്, ജില്ലാ വൈസ് പ്രസിഡന്റ് നിസാമുദ്ദീന്‍ തച്ചോണം, ജില്ലാ സെക്രട്ടറിമാരായ സിയാദ് തൊളിക്കോട്, സബീന ലുഖ്മാന്‍, ഖജാന്‍ജി ഷംസുദ്ദീന്‍ മണക്കാട് എന്നിവര്‍ സംബന്ധിച്ചു.