ലൈംഗികാതിക്രമക്കേസ്;സിവിക് ചന്ദ്രന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതിയില്‍
ദലിത് യുവതിയാണെന്ന് അറിഞ്ഞ് കൊണ്ടാണ് ലൈംഗികാതിക്രമം നടത്തിയതെന്നും,പട്ടികജാതി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിന് വിരുദ്ധമായാണ് ജാമ്യം അനുവദിച്ചതെന്നും ഹരജിയില്‍ പറയുന്നു
മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഒന്നാമത്തെ പീഡനക്കേസിലാണ് കോടതിയുടെ ഇടപെടല്‍. കോഴിക്കോട് കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ സ്ത്രീവിരുദ്ധമാണെന്നും സുപ്രിംകോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് എതിരാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ജാമ്യ ഉത്തരവില്‍ വസ്ത്രവുമായി ബന്ധപ്പെട്ടുള്ളത് അനാവശ്യ പരാമര്‍ശമാണെന്നും ഹൈക്കോടതി വിലയിരുത്തി.
ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന വസ്ത്രമാണ് പരാതിക്കാരി ധരിച്ചതെന്നും സെഷന്‍ 354 പ്രകാരം പ്രഥമദൃഷ്ട്യാ കേസെടുക്കാനാകില്ലെന്നുമാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ പറയുന്നത്. പരാതിക്കാരിയുടെ ചിത്രങ്ങളും ജാമ്യാപേക്ഷയ്‌ക്കൊപ്പം സിവിക് ചന്ദ്രന്‍ ഹാജരാക്കിയിരുന്നു. 354 പ്രകാരം കേസ് എടുക്കണമെങ്കില്‍ ഒരു സ്ത്രീയുടെ മാന്യതയ്ക്ക് ഭംഗം വരുത്തിയതിന് ആവശ്യമായ തെളിവുകള്‍ ഉണ്ടാകണമെന്നും കോടതി പറഞ്ഞിരുന്നു.
നന്ദി കടപ്പുറത്ത് യുവതിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന മറ്റൊരു കേസില്‍ സിവിക്കിന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ പ്രായപരിധി പരിഗണിച്ച് അറസ്റ്റ് വേണ്ടെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.