ലൈംഗികാതിക്രമം: പ്രാഥമികാന്വേഷണത്തില്‍ കൃത്യവിലോപം ബോധ്യപ്പെട്ടു; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്കെതിരേ നടപടിക്ക് സാധ്യത
അതിക്രമത്തെക്കുറിച്ച് ബസ് കണ്ടക്ടറോട് പറഞ്ഞെങ്കിലും ഗൗരവത്തിലെടുത്തില്ലെന്ന് അധ്യാപിക പരാതിപ്പെട്ടിരുന്നു
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ്സില്‍ അധ്യാപികയ്ക്ക് എതിരെയുണ്ടായ ലൈംഗികാതിക്രമം ചെറുക്കാന്‍ ശ്രമിക്കാതിരുന്ന ബസ് കണ്ടക്ടര്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് മന്ത്രി ആന്റണി രാജു. പ്രാഥമിക അന്വേഷണത്തില്‍ ക്യത്യവിലോപം ഉണ്ടായെന്ന് വ്യക്തമായതായും ഇന്ന് തന്നെ നടപടി പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ടക്ടര്‍ക്ക് വീഴചപറ്റിയതായി കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം ഗതാഗത വകുപ്പിന് റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം.
തിരുവനന്തപുരം-കോഴിക്കോട് സൂപ്പര്‍ ഡീലക്‌സ് ബസ്സില്‍ എറണാകുളത്തിനും തൃശ്ശൂരിനുമിടയില്‍ വച്ചാണ് അധ്യാപികയ്ക്ക് നേരെ അതിക്രമം ഉണ്ടായത്. ബസ് കണ്ടക്ടറോട് ഇക്കാര്യം പറഞ്ഞെങ്കിലും ഗൗരവത്തിലെടുത്തില്ലെന്ന് അധ്യാപിക പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ടക്ടര്‍ക്കെതിരെ കോഴിക്കോട് നടക്കാവ് പോലിസ് കേസ്സെടുത്തു. ഉപദ്രവിച്ചയാളെ തിരിച്ചറിഞ്ഞില്ലെങ്കിലും ലൈംഗികാതിക്രമത്തിന് കേസ്സെടുത്തിട്ടുണ്ട്. ബഹളത്തിനിടെ ഇയാള്‍ ബസ്സില്‍ നിന്ന് കടന്നുകളഞ്ഞെന്നാണ് അധ്യാപിക പറയുന്നത്. ബസ്സിലെ യാത്രക്കാരുടെ പട്ടികയില്‍ നിന്ന് ഇയാളെ കണ്ടെത്താനുളള ശ്രമം പോലിസ് തുടങ്ങി.
അടിയന്തിര അന്വേഷണത്തിന് ഗതാഗത മന്ത്രി ഉത്തരവിട്ട സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം റിപോര്‍ട്ട് സമര്‍പ്പിച്ചത്. കണ്ടക്ടറുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നും സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നതെന്നും റിപോര്‍ട്ടിലുണ്ട്. കണ്ടക്ടറുടെ വിശദമായ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ വകുപ്പുതല നടപടി ഉടനുണ്ടാകുമെന്നാണ് സൂചന. ഉപദ്രവിച്ചയാള്‍ക്കെതിരെ അധ്യാപിക വനിത കമ്മീഷന് പരാതി നല്‍കി. ഇ മെയില്‍ മുഖേനയാണ് പരാതി നല്‍കിയത്. സംഭവത്തില്‍ ബസ് കണ്ടക്ടര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി അറിയിച്ചിരുന്നു.
രാത്രി യാത്രയ്ക്കിടെയാണ് കെഎസ്ആര്‍ടിസി ബസ്സില്‍ വച്ച് അധ്യാപികയ്ക്ക് നേരെ ലൈംഗികാതിക്രമുണ്ടായത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോയ ബസ്സില്‍ തൃശൂരിനടത്ത് വെച്ചാണ് സംഭവം നടന്നത്. സുഹൃത്തിനൊപ്പം യാത്രിയിലായിരുന്നു അധ്യാപിക. പരാതിപ്പെട്ടിട്ടും കെഎസ്ആ!ടിസി കണ്ടക്ടറും സഹയാത്രക്കാരും അനങ്ങിയില്ലെന്നും ആക്ഷേപം. കണ്ടക്ടറോട് പരാതി പറഞ്ഞിട്ട് ഒരു നടപടിയും എടുക്കാതായതോടെ അധ്യാപിക ഫേസ് ബുക്ക് ലൈവിലൂടെ ദുരനുഭവം വിവരിച്ചു. സുഹൃത്തല്ലാതെ സഹയാത്രക്കാര്‍ ആരും പ്രതികരിച്ചില്ല. കണ്ടക്ടര്‍ പരാതി പറഞ്ഞിട്ടും അനങ്ങിയില്ല. ആശ്വസിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവറോട് കണ്ടക്ടര്‍ അത് വേണ്ടെന്ന് പറഞ്ഞുവെന്നും അധ്യാപിക പറിരുന്നു.