എലിയുടെ തലയാവുന്നതിലും നല്ലത് സിംഹത്തിന്റെ വാലാകുന്നത്; സിപിഎമ്മില്‍ ചേരുമെന്ന് ഷെയ്ഖ് പി ഹാരിസ്

മുഖ്യമന്ത്രിയെ കണ്ട ശേഷം സിപിഎമ്മില്‍ ചേരും. സുരേന്ദ്രന്‍ പിള്ള ഉള്‍പ്പെടെ നിരവധി പേര്‍ ഉടന്‍ എല്‍ജെഡി വിടും

Update: 2021-12-20 12:04 GMT

തിരുവനന്തപുരം: നിരുപാധികം സിപിഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് എല്‍ജെഡി വിട്ട ഷെയ്ക് പി ഹാരിസ്. സിപിഎം നേതൃത്വവുമായി ചര്‍ച്ച ചെയ്തു. മുഖ്യമന്ത്രിയെ കണ്ട ശേഷം സിപിഎമ്മില്‍ ചേരും. സുരേന്ദ്രന്‍ പിള്ള ഉള്‍പ്പെടെ നിരവധി പേര്‍ ഉടന്‍ എല്‍ജെഡി വിടുമെന്നും ഷെയ്ക് പി ഹാരിസ് പറഞ്ഞു. എലിയുടെ തലയാവുന്നതിലും നല്ലത് സിംഹത്തിന്റെ വാലാകുന്നതാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍, ജില്ലാ പ്രസിഡന്റുമാര്‍ അടക്കം പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കും. പിളര്‍പ്പിന് തുല്യമായ രാജിയുണ്ടാകുമെന്നാണ് ഹാരിസ് വ്യക്തമാക്കുന്നത്. വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം വിളിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതിന് നേതൃത്വം തയാറായില്ല. പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ദേശീയ നേതൃത്വവും ഇടപെട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോഷ്യലിസ്റ്റ് ആശയങ്ങളുള്ള പാര്‍ട്ടികളുടെ പ്രസക്തി നഷ്ടപ്പെടുകയാണെന്നും കുടുംബാധിപത്യം പാര്‍ട്ടിയില്‍ കൊണ്ട് വരാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. കോടിയേരി ബാലകൃഷ്ണന്‍ അനുഭാവപൂര്‍വമാണ് സംസാരിച്ചത്. വാഗ്ദാനങ്ങളൊന്നും തന്നിട്ടില്ലെന്നും മറ്റ് പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഷെയ്ക് പി ഹാരിസ് പറഞ്ഞു.

അതേസമയം, കഴിഞ്ഞ മാസം എല്‍ജെഡിയില്‍ ഷേയ്ക്ക് പി ഹാരിസിന്റെയും വി സുരേന്ദ്രന്‍പിള്ളയുടേയും നേതൃത്വത്തില്‍ വിമത നീക്കങ്ങള്‍ നടന്നിരുന്നു. പിന്നാലെ ഇവര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് പാര്‍ട്ടി അധ്യക്ഷന്‍ എംവി ശ്രേയാംസ് കുമാറും തുടക്കമിട്ടു. എല്‍ഡിഎഫ് ഘടകക്ഷിയായ എല്‍ജെഡിയില്‍ പിളര്‍പ്പ് ഉറപ്പായ സാഹചര്യത്തില്‍ സിപിഎം വിഷയത്തില്‍ ഇടപെടുകയും സമവായചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. ഇതോടെ ഇരുകൂട്ടരും കടുത്ത നിലപാടില്‍ നിന്നും പിന്നോട്ട് പോയി. വിമതവിഭാഗത്തെ നയിച്ച ഷേയ്ക്ക് പി ഹാരിസ് നേരിട്ട് മുഖ്യമന്ത്രിയെ കണ്ടു സംസാരിക്കുകയും ചെയ്തിരുന്നു. എല്‍ജെഡിയില്‍ ഭിന്നത തീരുന്നു എന്ന് വാര്‍ത്തകള്‍ പുറത്തു വന്നതിനെയാണ് തീര്‍ത്തും അപ്രതീക്ഷിതമായി ഷേയ്ക്ക് പി ഹാരിസ് അടക്കം മൂന്ന് സെക്രട്ടറിമാര്‍ രാജിവച്ചത്.

പാര്‍ട്ടയിലെ പ്രമുഖ നേതാക്കളായ കെപി മോഹനന്‍ എംഎല്‍എയും ദേശീയസെക്രട്ടറി വര്‍ഗ്ഗീസ് ജോര്‍ജ്ജും ആദ്യഘട്ടത്തില്‍ ഷേയ്ക്ക് പി ഹാരിസ് അടക്കമുള്ള വിമതവിഭാഗത്തോട് അനുഭാവം കാണിച്ചെങ്കിലും പിന്നീട് ശ്രേയാംസ്‌കുമാര്‍ ഇവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചപ്പോള്‍ ഒപ്പം നില്‍ക്കുകയാണ് ചെയ്തത്.

പാര്‍ട്ടിയില്‍ ശ്രേയാംസ് കുമാറിന്റെ ഏകാധിപത്യഭരണമാണ് നടക്കുന്നതെന്നാണ് വിമതവിഭാഗത്തിന്റെ പ്രധാന പരാതി. പാര്‍ട്ടിയുടെ ഏക എംഎല്‍എയായ കെപി മോഹനന് മന്ത്രിസ്ഥാനം ഉറപ്പാക്കാതെ ശ്രേയാംസ് കുമാര്‍ രാജ്യസഭാ എംപി സ്ഥാനം നിലനിര്‍ത്താന്‍ ശ്രമിച്ചെന്നും തിരഞ്ഞെടുപ്പുകളില്‍ ശ്രേയാംസ് മാത്രം മത്സരിക്കുന്ന നിലയാണെന്നും നേതാക്കള്‍ ആരോപിക്കുന്നു. എല്‍ജെഡിയെ ജെഡിഎസില്‍ ലയിപ്പിക്കാനുള്ള നീക്കങ്ങള്‍ തകൃതിയാണെന്നും വിമതവിഭാഗം ആരോപിക്കുന്നു.


Tags:    

Similar News