'ശിവസേന ഹിന്ദുത്വ പാര്‍ട്ടിതന്നെ'; രാജിവയ്ക്കാന്‍ തയ്യാറെന്നും ഉദ്ദവ് താക്കറെ
ന്യൂഡല്‍ഹി: ശിവസേനയുടെ രാഷ്ട്രീയം ഹിന്ദുത്വം തന്നെയെന്ന് ഉറപ്പിച്ച് ഉദ്ദവ് താക്കറെ. താന്‍ പദവിക്കും സ്ഥാനത്തിനും വേണ്ടി യുദ്ധത്തിലേര്‍പ്പെടില്ലെന്നും ശിവസേന ഹിന്ദുത്വരാഷ്ട്രീയം ഒരു കാരണവശാലും കയ്യൊഴിയില്ലെന്നും ഉദ്ദവ് താക്കറെ വ്യക്തമാക്കി. ശിവസേന വിമതര്‍ പാര്‍ട്ടിക്കുള്ളില്‍ കലാപക്കൊടി ഉയര്‍ത്തിയശേഷം നടന്ന ആദ്യ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഒരു എംഎല്‍എപോലും എതിരഭിപ്രായം പറഞ്ഞാല്‍ താന്‍ മുഖ്യമന്ത്രി സ്ഥാനത്തിലിരിക്കില്ലെന്നും രാജിവയ്ക്കണമെങ്കില്‍ പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏക്‌നാഥ് ഷിന്‍ഡെക്ക് പിന്തുണ പ്രഖ്യാപിച്ച് 30 എംഎല്‍എമാര്‍ ഗവര്‍ണര്‍ക്ക് കത്തെഴുതിയതിനു പിന്നാലെയാണ് താക്കറെ യോഗം വിളിച്ചത്.
തനിക്ക് ഷിന്‍ഡെക്കൊപ്പം പോയ എംഎല്‍എമാരുടെ ഫോണ്‍കോളുകള്‍ വന്നിരുന്നെന്നും നിര്‍ബന്ധപൂര്‍വം തങ്ങളെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നെന്നും അവര്‍ അറിയിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.
അസമിലുള്ള ഏതാനും മഹാരാഷ്ട്ര എംഎല്‍എമാര്‍ ഷിന്‍ഡെയാണ് തങ്ങളുടെ നേതാവെന്ന് അറിയിച്ചുകൊണ്ടുള്ള കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു. അതിനു തൊട്ടുമുന്നുള്ള ദിവസമാണ് ഷിന്‍ഡെയെ ഉദ്ദവ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്.