കര്‍ണാടകയിലെ ജാതി സെന്‍സസ് റിപോര്‍ട്ടിനെ എതിര്‍ത്ത് ബിജെപി; ജാതി സെന്‍സസ് വെറുപ്പിന്റെ സെന്‍സസെന്ന് കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി

ബംഗളൂരു: കര്‍ണാടക സര്‍ക്കാര്‍ നടത്തിയ ജാതി സെന്‍സസ് വെറുപ്പിന്റെ സെന്‍സസാണെന്ന് കേന്ദ്രമന്ത്രിയും ജനതാദള്‍ (സെക്കുലര്‍) നേതാവുമായ എച്ച് ഡി കുമാരസ്വാമി. സംസ്ഥാനത്ത് പ്രശ്‌നങ്ങളുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. വൊക്കലിംഗ സമുദായത്തില്‍ നിന്നുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ജി കെ ശിവകുമാറും വൊക്കലിംഗ സമുദായത്തെ വഞ്ചിച്ചിരിക്കുകയാണ്. വൊക്കലിംഗക്കാര്‍ക്ക് പുറമെ വീരശൈവ ലിംഗായത്തുകളെയും സര്‍ക്കാര്‍ ചതിച്ചെന്നും കുമാരസ്വാമി ആരോപിച്ചു.
സംസ്ഥാനം ജാതിയുടെ തീയില്‍ മുങ്ങിക്കിടക്കുമ്പോള്‍, ചില സമുദായങ്ങള്‍ക്കെതിരെ രാഷ്ട്രീയമായും സാമൂഹികമായും പ്രതികാരം ചെയ്യുകയാണോ കോണ്‍ഗ്രസ് എന്ന് കുമാരസ്വാമി ചോദിച്ചു. അധികാരത്തില്‍ തുടരാന്‍ വേണ്ടിയാണ് ജാതി സെന്‍സസ് റിപോര്‍ട്ട് സിദ്ധരാമയ്യ അംഗീകരിച്ചതെന്ന് ബിജെപി സംസ്ഥാന പ്രസിസന്റ് ബി വൈ വിജയേന്ദ്രയും ആരോപിച്ചു. ജാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമം. ഹിന്ദുക്കളെയും മുസ്‌ലിംകളെയും ഭിന്നിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. മുസ്‌ലിംകളെയും എസ്‌സി-എസ്ടി വിഭാഗങ്ങളെയും കോണ്‍ഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് ഉപയോഗിക്കുകയാണെന്നും വിജയേന്ദ്ര ആരോപിച്ചു.
ബിജെപിയുടെയും ജെഡിഎസിന്റെയും ആരോപണങ്ങള്‍ തള്ളി മന്ത്രി കെ എന്‍ രാജണ്ണ രംഗത്തെത്തി. ജാതി സെന്‍സസിനെതിരെ രംഗത്തെത്തിയിരിക്കുന്നവര്‍ക്ക് സ്വന്തം സമുദായത്തിലെ ജനസംഖ്യ എത്രയാണെന്ന് മുമ്പ് അറിയാമായിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു. ''ഹിന്ദുക്കളെ ജാതി അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്ന ബിജെപിയുടെ വാദം അടിസ്ഥാനരഹിതമാണ്. മഹാത്മാഗാന്ധിയുടെ സൗഹാര്‍ദ്ദപരമായ ഹിന്ദുത്വയാണ് ഞങ്ങളുടേത്. ഗാന്ധിയെ ആക്രമിച്ചു കൊന്ന നാഥുറാം ഗോഡ്‌സെയുടെ തത്വങ്ങളാണ് ബിജെപി പിന്തുടരുന്നത്. ഞങ്ങള്‍ ഗോഡ്‌സെയുടെ ഹിന്ദുത്വ പിന്തുടരുന്നവരല്ല.''-കെ എന്‍ രാജണ്ണ പറഞ്ഞു.
കര്‍ണാടകയിലെ ജനസംഖ്യയിലെ 70 ശതമാനവും ഒബിസി വിഭാഗക്കാരാണെന്നാണ് സെന്‍സസ് റിപോര്‍ട്ട് പറയുന്നത്. അതിനാല്‍ ഒബിസി സംവരണം 51 ശതമാനം ആക്കണമെന്നും ശുപാര്‍ശയുണ്ട്.