ക്ലാസ് മുറി 'തണുപ്പിക്കാന്‍' ചുവരില്‍ ചാണകം പുരട്ടിയ പ്രിന്‍സിപ്പലിന്റെ മുറിയില്‍ ചാണകം തേച്ച് വിദ്യാര്‍ഥികള്‍ (വീഡിയോ)

Update: 2025-04-16 02:30 GMT
ക്ലാസ് മുറി തണുപ്പിക്കാന്‍ ചുവരില്‍ ചാണകം പുരട്ടിയ പ്രിന്‍സിപ്പലിന്റെ മുറിയില്‍ ചാണകം തേച്ച് വിദ്യാര്‍ഥികള്‍ (വീഡിയോ)

ന്യൂഡല്‍ഹി: ക്ലാസ് മുറി തണുക്കുമെന്ന് അവകാശപ്പെട്ട് ചുവരുകളില്‍ ചാണകം തേച്ച ഡല്‍ഹിയിലെ കോളജ് പ്രിന്‍സിപ്പലിന്റെ മുറിയിലും ചാണകം തേച്ച് വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ്. ക്ലാസ് മുറി മാത്രം തണുത്താല്‍ പോരെന്നും പ്രിന്‍സിപ്പലിന്റെ മുറിയും തണുക്കട്ടെ എന്നും പറഞ്ഞാണ് ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായ റോണക് ഖാത്രി ചാണകവുമായി എത്തിയത്. അശോക് വിഹാറിലെ ലക്ഷ്മിഭായി കോളജിലാണ് സംഭവം.

മുറി തണുക്കുമെന്നപേരില്‍ കോളജ് പ്രിന്‍സിപ്പല്‍ പ്രത്യുഷ് വത്സല ക്ലാസ് ചുവരുകളില്‍ ചാണകം തേക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു.

അധ്യാപകരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ച വീഡിയോ പുറത്തായതോടെ വ്യാപകവിമര്‍ശനമുയര്‍ന്നിരുന്നു. കൈയ്യില്‍ വാരിയെടുത്ത ചാണകം ചുവരില്‍ തേച്ചുപിടിപ്പിക്കുന്ന സ്വന്തം ദൃശ്യം പ്രത്യുഷ് വത്സല തന്നെയാണ് അധ്യാപകരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇട്ടത്. ചാണകം തേച്ച ഭിത്തിയുള്ള ക്ലാസ് പുതുമ ഉണ്ടാക്കുമെന്നും അധ്യാപനം ആഹഌദകരമാകും എന്നുമായിരുന്നു അടിക്കുറിപ്പ്. സംഗതി വിവാദമായതോടെ വിശദീകരണവുമായി പ്രിന്‍സിപ്പല്‍ രംഗത്തെത്തി. ഇന്ത്യയിലെ പരമ്പരാഗത ശീതീകരണ രീതികളെ കുറിച്ച് അധ്യാപകരില്‍ ഒരാള്‍ ഗവേഷണം നടത്തുന്നുണ്ടെന്നും അതിന്റെ ഭാഗമാണ് ചാണക പരീക്ഷണം എന്നുമായിരുന്നു മറുപടി.

Similar News