ടിപിആര്‍ 16ശതമാനത്തിന് താഴെയുള്ള സ്ഥലങ്ങളിലെ ആരാധനാലയങ്ങള്‍ തുറക്കും; പരമാവധി 15 പേര്‍ക്ക് അനുമതിയെന്നും മുഖ്യമന്ത്രി

എ,ബി വിഭാഗത്തില്‍ വരുന്ന തദ്ദേശ സ്ഥാപനങ്ങളിലെ ആരാധനാലയങ്ങളാണ് ഇപ്പോള്‍ തുറക്കുന്നത്

Update: 2021-06-22 13:26 GMT

തിരുവനന്തപുരം: നിയന്ത്രണങ്ങള്‍ക്ക് വിധേയമായി വിശ്വാസികള്‍ക്ക് ആരാധനാലയങ്ങളില്‍ പ്രവേശനം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരമാവധി 15 പേര്‍ക്ക് ആരാധന നടത്താന്‍ അനുമതി നല്‍കാനാണ് ആലോചനയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സി,ഡി വിഭാഗങ്ങളില്‍ വരുന്ന പ്രദേശങ്ങളില്‍ ഇപ്പോള്‍ തുറക്കില്ല. എ,ബി കാറ്റഗറിയിലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ മാത്രമാണ് ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി.

ടിപിആര്‍ 16ശതമാനത്തിന് താഴെ വരുന്ന തദ്ദേശസ്ഥാപനങ്ങളിലെ ആരാധനായലങ്ങളാണ് തുറക്കുന്നത്. 16 ശതമാനത്തില്‍ താഴെയുള്ള തദ്ദേശ സ്ഥാപനങ്ങളെയാണ് എ,ബി കാറ്റഗറിയില്‍ പരിഗണിക്കുന്നത്.

എട്ട് ശതമാനത്തിന് താഴെ ടിപിആര്‍ വരുന്നത് എ വിഭാഗത്തിലും, എട്ടു മുതല്‍ 16വരെ വരുന്ന വിഭാഗം ബി കാറ്റഗറിയിലും വരും. 16നും 24നും ഇടയില്‍ വരുന്നത് സി കാറ്റഗറിയിലുമാണ് വരുന്നത്. 24ന് മുകളില്‍ ടിപിആര്‍ നിരക്ക് വരുന്നത് ഡി വിഭാഗത്തിലുമാണ് കണക്കാക്കുന്നത്.

ശനി, ഞായര്‍ ദിവസങ്ങളിലെ ലോക് ഡൗണ്‍ തുടരും. എബി കാറ്റഗറിയുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ 50 ജീവനക്കാരെ വച്ച് സര്‍ക്കാര്‍ ഓഫിസുകളും മറ്റ് ഓഫിസുകളും പ്രവര്‍ത്തിപ്പിക്കാം. ബാങ്കുകള്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ പ്രവര്‍ത്തിക്കും. യോഗങ്ങള്‍ പരമാവധി ഓണ്‍ ലൈന്‍ ആക്കണം.

തമിഴ് നാടിനോട് അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ മദ്യഷോപ്പുകള്‍ തുറക്കില്ല.യുഎഇ ലേക്ക് പോകുന്നവര്‍ക്ക് നാലു മണിക്കൂര്‍ മുന്‍പ് കൊവിഡ് പരിശോധന നടത്താന്‍ വിമാനത്താവളങ്ങളില്‍ സംവിധാനം ഏര്‍പ്പെടുത്തും. ടെലി വിഷന്‍ പരമ്പരകളുടെ ഷൂട്ടിങ്ങിന് അനുമതി നല്‍കും. സ്ത്രീധന പീഢനം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളുടെ പരാതി കേള്‍ക്കാള്‍ സ്റ്റേറ്റ് നോഡല്‍ ഓഫിസറായി ആര്‍ നിശാന്തിനിയെ നിശ്ചയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 9497 9969 92 എന്ന നമ്പറില്‍ നിശാന്തിനിയെ ലഭിക്കും.


Tags:    

Similar News