കുവൈത്ത് ഇന്ത്യന്‍ എംബസിയിലെ തീമാറ്റിക് ലൈബ്രറി അംബാസിഡര്‍ സിബി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു
കുവൈത്ത് സിറ്റി: ഇന്ത്യന്‍ എംബസിയില്‍ സജ്ജീകരിച്ച തീമാറ്റിക് ലൈബ്രറി അംബാസിഡര്‍ സിബി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. കുവൈത്തിലെ ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പുവരുത്താന്‍ എംബസി പ്രതിജ്ഞാബദ്ധമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സ്ഥാനപതി സിബി ജോര്‍ജ് വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്ക് എംബസിയില്‍ നടന്ന ചടങ്ങില്‍ ഇന്‍ഫര്‍മേഷന്‍ ഫാസ്റ്റ് സെക്രട്ടറി ഫഹദ് സൂരി സ്വാഗതം പറഞ്ഞു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒത്തുകൂടലിനുള്ള അവസരമില്ലെങ്കിലും നമ്മുടെ ബൃഹത്തായ സാമൂഹിക സാംസ്‌കാരിക പാരമ്പര്യത്തില്‍ അഭിമാനിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സംസ്‌കാരം, സാഹിത്യ പൈതൃകം, വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ സവിശേഷതകള്‍ എന്നിവ പ്രതിഫലിപ്പിക്കുന്ന പരിപാടികള്‍ ലൈബ്രറിയില്‍ സംഘടിപ്പിക്കും. ഒരു ആശയത്തെ അടിസ്ഥാനമാക്കി ഓരോ ആഴ്ചയിലും പരിപാടിയുണ്ടാകും.
ഓണത്തിന്റെ പശ്ചാത്തലത്തില്‍ 'ഇന്ത്യയിലെ ആഘോഷങ്ങള്‍' എന്ന വിഷയം അടിസ്ഥാനമാക്കിയാകും അടുത്ത രണ്ടാഴ്ചയിലെ പരിപാടികള്‍ സംഘടിപ്പിക്കുക. ഇതോടൊപ്പം പുസ്തക പ്രദര്‍ശനം, ക്വിസ് മത്സരങ്ങള്‍ എന്നിവയുണ്ടാകും. എംബസിയുടെ
റിസപ്ഷനിലും കോണ്‍സുലാര്‍ ഹാളിലും ക്വിസ് ഫോറം ലഭിക്കും. തെമറ്റിക്-ലിബ് എന്ന ട്വിറ്റര്‍ വിലാസത്തില്‍ പുസ്തകങ്ങളെ സംബന്ധിച്ചുള്ള വിവരം ലഭിക്കും.