സ്‌കേറ്റിങ് ബോര്‍ഡില്‍ കാശ്മീരിലേക്ക് പുറപ്പെട്ട അനസ് ഹജാസ് അപകടത്തില്‍ മരിച്ചു

ഹരിയാനയില്‍ വച്ച് ട്രക്കിടിച്ചാണ് അനസ് മരണപ്പെട്ടത്

Update: 2022-08-02 13:18 GMT

തിരുവനന്തപുരം: സ്‌കേറ്റിങ് ബോര്‍ഡില്‍ കന്യാകുമാരിയില്‍ നിന്ന് കാശ്മീരിലേക്ക് പുറപ്പെട്ട അനസ് ഹജാസ് ഹരിയാനയിലുണ്ടായ അപകടത്തില്‍ മരിച്ചു. യാത്രക്കിടെ ട്രക്കിടിച്ചായിരുന്നു അപകടം. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്നാണ് ഹരിയാനയില്‍ നിന്ന് ഇപ്പോള്‍ ലഭിക്കുന്ന വിവരം. തിരുവനന്തപുരം വെഞ്ഞാറമൂട് പുല്ലമ്പാറ സ്വദേശിയായ അനസ് കംപ്യൂട്ടര്‍ സയന്‍സ് ബിരുദത്തിന് ശേഷം ടെക്‌നോ പാര്‍ക്കിലും ബിഹാറിലെ സ്വകാര്യ സ്‌കൂളിലും ജോലിചെയ്തിരുന്നു.

2022 മേയ് 29നാണ് 31 കാരനായ അനസ് ഹജാസ് കന്യാകുമാരിയില്‍നിന്ന് ഒറ്റക്കുള്ള യാത്ര തുടങ്ങിയത്. സ്‌കേറ്റിങ് ബോര്‍ഡില്‍ മധുരൈ, ബംഗളൂരു, ഹൈദരാബാദ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എല്ലാം പിന്നിട്ടാണ് ഹരിയാനയിലെത്തിയത്.

സ്‌കേറ്റിങ്ങിനെക്കുറിച്ച് അവബോധമുണ്ടാക്കുക എന്ന ലക്ഷ്യവുമായാണ് അനസ് യാത്ര തുടങ്ങിയത്. കന്യാകുമാരിയില്‍നിന്ന് കശ്മീരിലേക്ക് ഏകദേശം 3800 കി.മീ. ദൂരമുണ്ട്. ഈ ദൂരമത്രയും സ്‌കേറ്റിങ് ബോര്‍ഡില്‍ ഒറ്റക്ക് താണ്ടാനായാണ് അനസ് പുറപ്പെട്ടത്. ലക്ഷ്യ സ്ഥാനത്തെത്താന്‍ മൂന്ന് ദിവസത്തെ യാത്രമാത്രമാണ് ബാക്കിയുണ്ടായിരുന്നത്. അതിനിടെയാണ് അപകടം.

സൗദിയില്‍ പ്രവാസിയായ അലിയാര്‍കുഞ്ഞാണ് അനസിന്റെ പിതാവ്. മാതാവ്: ഷൈലാബീവി. സഹോദരങ്ങള്‍: അജിംഷാ അമാനി(ഇമാം, പുതൂര്‍ നമസ്‌കാരപ്പള്ളി, വെഞ്ഞാറമൂട്), സുമയ്യ (ഫാര്‍മസിസ്റ്റ്). 

Tags:    

Similar News