സ്മാര്‍ട്ട് ഫോണും സ്‌കൂട്ടിയും; വമ്പന്‍ വാഗ്ദാനങ്ങളുമായി യുപിയില്‍ കോണ്‍ഗ്രസ്സിന്റെ സ്ത്രീകള്‍ക്കുവേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രകടനപത്രിക
ലഖ്‌നോ: വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണും യാത്ര ചെയ്യാന്‍ വൈദ്യുതി സ്‌കൂട്ടിയും വാഗ്ദാനം ചെയ്ത് യുപി കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക. സത്രീകള്‍ക്കുവേണ്ടി പുറത്തിറക്കിയ പ്രകടനപത്രികയിലാണ് വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഉത്തര്‍പ്രദേശിന്റെ ചുമതലുള്ള പ്രിയങ്കാ ഗാന്ധി വാദ്രയാണ് ആരോഗ്യ സുരക്ഷ അടക്കമുളള വാഗ്ദാനങ്ങള്‍ നല്‍കുന്ന തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കിയത്.
ഭാരതീയ ജനതാപാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി എന്നിവരുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്ന ഒരു കുറ്റപത്രവും കോണ്‍ഗ്രസ് പ്രസിദ്ധീകരിക്കുന്നുണ്ടെന്നാണ് റിപോര്‍ട്ട് സൂചിപ്പിക്കുന്നത്. കഴിഞ്ഞ മൂന്ന് ദശകങ്ങളായി ഈ പാര്‍ട്ടികള്‍ നടത്തുന്ന വികസനപ്രവര്‍ത്തനങ്ങളുടെ വീഴ്ചയായിരിക്കും പ്രമേയം.
മുപ്പത് വര്‍ഷമായി കോണ്‍ഗ്രസ്സ് യുപിയില്‍ അധികാരത്തിനു പുറത്താണ്.
തിങ്കളാഴ്ചയാണ് പ്രിയങ്ക ഡല്‍ഹിയില്‍ നിന്ന് യുപിയില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് സംസ്ഥാന നേതാക്കളുടെ യോഗം വിളിക്കുകയും ചെയ്തു.
കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ സ്ത്രീകളെ ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് പ്രിയങ്ക പ്രഖ്യാപിച്ചത്. 2022 യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് 40 ശതമാനം സീറ്റ്, സ്ത്രീകള്‍ക്ക് വേണ്ടി നൈപുണി വികസന സ്‌കൂളുകള്‍ എന്നിവയും പ്രഖ്യാപിച്ചിരുന്നു. അടുത്ത വര്‍ഷമാണ് യുപിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.