കോഴിക്കോട്: ഈ വർഷത്തെ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 മുതൽ 16 വരെ പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ വികസന വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തും. 'എല്ലാവരും ഉന്നതിയിലേക്ക് ' എന്ന മുദ്രവാക്യമുയർത്തി 2022 വ്യത്യസ്ത പരിപാടികളാണ് കേരളത്തിലെമ്പാടും നടത്തുന്നത്.
പക്ഷാചരണത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച വൈകിട്ട് 5 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നിശാഗന്ധിയിലാണ് പരിപാടി. മന്ത്രി കെ. രാധാകൃഷ്ണൻ അധ്യക്ഷനാകും. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, വി ശിവൻ കുട്ടി, ജി ആർ അനിൽ, ആന്റണി രാജു എന്നിവർ പങ്കെടുക്കും.
വൈകിട്ട് മൂന്നിന് യൂണിവേഴ്‌സിറ്റി കോളേജ് പരിസരത്ത് നിന്നാരംഭിക്കുന്ന ഐക്യദാർഢ്യ ഘോഷയാത്ര പൊലീസ് മേധാവി അനിൽ കാന്ത് ഫ്‌ലാഗ് ഓഫ് ചെയ്യും. പൊതുസമ്മേളനത്തിനു ശേഷം അലോഷിയുടെ ഗാനസന്ധ്യ അരങ്ങേറും.
ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസുകൾ, ആരോഗ്യ ക്യാമ്പുകൾ, ഊരുകൂട്ടങ്ങൾ, കലാപരിപാടികൾ, പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനം, നിർമ്മാണ ഉദ്ഘാടനങ്ങൾ, വായ്പാ വിതരണം, ഭവനങ്ങളുടെ താക്കോൽ കൈമാറൽ, മുതിർന്നവരെ ആദരിക്കൽ തുടങ്ങിയ പരിപാടികളാണ് വിവിധ കേന്ദ്രങ്ങളിൽ ഒക്ടോബർ 16 വരെ സംഘടിപ്പിക്കുന്നത്. 16 ന് വൈകിട്ട് 4.30 ന് കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിലാണ് സമാപന സമ്മേളനം.