ഉത്തര്‍പ്രദേശ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ കഫീല്‍ ഖാനെ എസ്പി മത്സരിപ്പിക്കും
2017 ആഗസ്റ്റില്‍ ഖൊരക്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ 63 കുട്ടികള്‍ മരിച്ച സംഭവത്തില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചയാളാണ് കഫീല്‍ ഖാന്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശ് ലജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഡോ. കഫീല്‍ഖാനെ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കും.കഫീല്‍ ഖാന്റെ സ്ഥാനാര്‍ത്ഥിത്വം എസ്പി ദേശീയ സെക്രട്ടറിയും വക്താവുമായ രാജേന്ദ്ര ചൗധരി സ്ഥിരീകരിച്ചു.ഡിയോറിയഖുഷിനഗര്‍ സീറ്റില്‍ നിന്നാണ് സ്ഥാനാര്‍ഥിയായി മത്സരിക്കുക.
ലജിസ്ലേറ്റീവ് കൗണ്‍സിലിലെ 36 സീറ്റുകളിലേക്ക് ഏപ്രില്‍ ഒമ്പതിനാണ് വോട്ടെടുപ്പ് നടക്കുന്നത്. 12നാണ് വോട്ടെണ്ണല്‍. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് കഫീല്‍ ഖാന്‍ എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തുകയും,ഇരുവരും ഒന്നിച്ചുള്ള ചിത്രം ട്വീറ്റ് ചെയ്യുകയും ചെയ്തു.കൂടിക്കാഴ്ചക്കിടെ തന്റെ പുസ്തകം 'ദ ഖൊരക്പൂര്‍ ഹോസ്പിറ്റല്‍ ട്രാജഡി' അഖിലേഷിന് സമ്മാനിക്കുകയും ചെയ്തു.
2017 ആഗസ്റ്റില്‍ ഖൊരക്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ 63 കുട്ടികള്‍ മരിച്ച സംഭവത്തില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചയാളാണ് കഫീല്‍ ഖാന്‍.സംഭവത്തെ തുടര്‍ന്ന് കഫീല്‍ ഖാനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.കൂട്ടശിശുമരണത്തില്‍ അറസ്റ്റിലായിരുന്ന കഫീല്‍ ഖാനെതിരായ എല്ലാ കുറ്റങ്ങളും ഒഴിവാക്കാന്‍ പിന്നീട് യുപി സര്‍ക്കാര്‍ നിര്‍ബന്ധിതമായിരുന്നു.സംസ്ഥാനത്ത് സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനിടെ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയതിനും കഫീല്‍ഖാനെതിരെ സംസ്ഥാന സര്‍ക്കാര്‍ കേസെടുത്തിരുന്നു.