സംസാര ശേഷിയില്ലാത്ത 17കാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി; രാജസ്ഥാനില്‍ മൂന്നു പേര്‍ അറസ്റ്റില്‍
. ദൗസെ ജില്ലയിലെ മന്ദാവരി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം.
ജെയ്പൂര്‍: രാജസ്ഥാനില്‍ സംസാര ശേഷിയില്ലാത്ത 17 കാരിയെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗത്തിനിരയാക്കി. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ അഞ്ചു പ്രതികളില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ദൗസെ ജില്ലയിലെ മന്ദാവരി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം.
പെണ്‍കുട്ടിയുടെ മാതാവ് തന്റെ മാതാപിതാക്കളെ കാണാനായി സ്വന്തം വീട്ടിലേക്ക് പോയ സമയത്ത് വീട്ടില്‍ തനിച്ചായ പെണ്‍കുട്ടിയെ അനില്‍, കിരോരി, ധര്‍മേന്ദ്ര, രാജ്‌കേഷ്, ധാര മീന എന്നീ അഞ്ച് പ്രതികള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി വിജനമായ സ്ഥലത്ത് വച്ച് കൂട്ടബലാല്‍സംഗത്തിനിരയാക്കുകയായിരുന്നുവെന്നാണ് പരാതി. ഭയന്നു പോയ പെണ്‍കുട്ടി കടുത്ത ശാരീരിക വേദനയെതുടര്‍ന്ന് സംഭവത്തെക്കുറിച്ച് രണ്ടു ദിവസത്തിനുശേഷമാണ് മാതാവിനോട് വെളിപ്പെടുത്തിയത്. തുടര്‍ന്ന് മാതാവ് കുടുംബാംഗങ്ങളെ ഇക്കാര്യം അറിയിച്ചു. പെണ്‍കുട്ടിയുടെ പിതാവ് ദുബയില്‍ പ്രവാസിയാണ്.
'ശനിയാഴ്ച രാത്രിയോടെ ഇതുസംബന്ധിച്ച് സൂചന ലഭിച്ച പോലിസ് പെണ്‍കുട്ടിയുടെയോ കുടുംബാംഗങ്ങളുടെയോ പരാതിയില്ലാതെ അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെ ഞായറാഴ്ച ഉച്ചയ്ക്ക് കുട്ടിയുടെ മാതാവ് പരാതി നല്‍കി. തുടര്‍ന്ന് ഇന്ത്യന്‍ പീനല്‍ കോഡിലെ 376 ഡി വകുപ്പും പോക്‌സോ നിയമത്തിലെ പ്രസക്തമായ വകുപ്പുകളും പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലിസ് മൂന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തതായി ജയ്പൂര്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലിസ് (ഐജിപി) എസ് സെംഗതിര്‍ പറഞ്ഞു.
പരിഭാഷകയുടെ സഹായത്തോടെ ഇരയുടെ മൊഴി രേഖപ്പെടുത്തിയതായും വൈദ്യ പരിശോധനയ്ക്കു വിധേയമാക്കിയതായും പോലിസ് അറിയിച്ചു.