ലോക്ഡൗണില്‍ തുടങ്ങിയ ബിസിനസ് വിജയിച്ചു: വിറ്റുവരവ് 24 കോടി
അമ്പതിനായിരം പൗണ്ട് മുടക്കി BargainFox.com എന്ന പേരില്‍ ഒരു വെബ്‌സൈറ്റ് നിര്‍മിക്കുകയായിരുന്നു ആദ്യം ചെയ്തത്.
ലണ്ടന്‍: ലോക്ഡൗണില്‍ ബിസിനസ് തകര്‍ന്നതിന്റെ കഥകളാണ് എങ്ങും. ചെറുകിടക്കാര്‍ മുതല്‍ വന്‍കമ്പനികള്‍ വരെ കച്ചവടം കുറഞ്ഞ് കൂപ്പുകുത്തിയ കാലമായിരുന്നു ലോക്ഡൗണ്‍. എന്നാല്‍ ലണ്ടനിലെ സൗത്ത് വെയില്‍സിലെ പെംബ്രോക്ഷൈര്‍ സ്വദേശിയായ ജാക്ക് ലീര്‍ എന്ന ഇരുപത്തിയേഴുകാരന്‍ സാഹചര്യം അനുസരിച്ച് കച്ചവടത്തിനിറങ്ങിയപ്പോള്‍ ലോക്ഡൗണ്‍ കാലം സുവര്‍ണ്ണ കാലമായി മാറി. ഏഴു മാസം കൊണ്ട് 24 കോടി രൂപ (2807867 പൗണ്ട്) ആണ് ജാക്കിന്റെ വിറ്റുവരവ്.
ലോക്ക് ഡൗണ്‍ കാലത്തായിരുന്നു ജാക്കിന്റെ ബിസിനസ് പരീക്ഷണം.അമ്പതിനായിരം പൗണ്ട് മുടക്കി BargainFox.com എന്ന പേരില്‍ ഒരു വെബ്‌സൈറ്റ് നിര്‍മിക്കുകയായിരുന്നു ആദ്യം ചെയ്തത്. ആമസോണിനെ പോലെ ഒരു ഓണ്‍ലൈന്‍ വാണിജ്യ പോര്‍ട്ടല്‍ ആയിരുന്നു ലക്ഷ്യം. വളരെ വിലക്കുറവോടെ ഓണ്‍ലൈനായി വസ്തുക്കള്‍ വില്‍ക്കുന്ന സൈറ്റ് ആണ് BargainFox.com. ലോക്ക് ഡൗണ്‍ സമയത്ത് ബാര്‍ബര്‍ ഷോപ്പുകള്‍ അടവായതിനാല്‍ താടിയും മുടിയും വെട്ടുന്ന ട്രിമ്മറുകള്‍ എത്തിച്ചായിരുന്നു കച്ചവടം തുടങ്ങിയത്. ട്രിമ്മറിന് നിരവധി ആവശ്യക്കാര്‍ ഉണ്ടായി. ആദ്യ ശ്രമത്തില്‍ തന്നെ വന്‍ വിജയം നേടിയതോടെ മറ്റ് ഉല്‍പ്പന്നങ്ങളും എത്തിച്ച് കച്ചവടം വിപുലമാക്കി. വസ്ത്രങ്ങള്‍ മുതല്‍ വീട്ടുപകരണങ്ങള്‍ വരെ 50,000ത്തിലധികം വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍ ജാക്കിന്റെ കൊമേഴ്‌സ്യല്‍ സൈറ്റിലൂടെ വില്‍ക്കുന്നുണ്ട്. 40 ശതമാനം വരെ കുറച്ചാണ് വില്‍പ്പന എന്നതിനാല്‍ നല്ല കച്ചവടം കിട്ടുന്നുണ്ട്. ഇപ്പോള്‍ സ്വന്തമായി വസ്ത്രങ്ങള്‍ രൂപകല്‍പന ചെയ്ത് അതും ജാക്ക് വില്‍ക്കുന്നുണ്ട്. 7 മാസം കൊണ്ട് 35 ജോലിക്കാരിലേക്കും 28 ലക്ഷം പൗണ്ട് വിറ്റുവരവിലേക്കും ജാക്കിന്റെ സ്ഥാപനം വളര്‍ന്നു കഴിഞ്ഞു.