ജയില്‍വാസം പ്രതികളുടെ ഭാവി തകര്‍ക്കും: സുള്ളി ഡീല്‍, ബുള്ളി ബായ് ആപ്പ് നിര്‍മാതാക്കള്‍ക്ക് ജാമ്യം
ന്യൂഡല്‍ഹി: സുള്ളി ഡീല്‍, ബുള്ളി ബായ് ആപ്പ് നിര്‍മാതാക്കള്‍ക്ക് ഡല്‍ഹിയിലെ പ്രാദേശിക കോടതി ജാമ്യം അനുവദിച്ചു.
ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ പരിശോധനാഫലം അനുസരിച്ചാണ് സുളളി ഡീല്‍ ആപ്പ് നിര്‍മിച്ച ഓംകാരേശ്വറിനും ബുള്ളി ബായ് ആപ് നിര്‍മിച്ച നീരജ് ബിഷ്‌ണോയ്ക്കും ജാമ്യം അനുവദിച്ചതെന്ന് ഡെപ്യൂട്ടി കമ്മീഷ്ണര്‍ കെ പി എസ് മല്‍ഹോത്ര അറിയിച്ചു. കുറ്റാരോപിതര്‍ക്കെതിരായ തെളിവുകളെയാണ് ജാമ്യം നല്‍കുന്നതിന് വിചാരണക്കോടതി ആശ്രയിച്ചിരുന്നതെന്നും അന്വേഷണത്തില്‍ ഒരു പോരായ്മയും ചൂണ്ടിക്കാണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നതെന്നും ആരോപണവിധേയരായവര്‍ ആദ്യമായാണ് കേസില്‍ പ്രതിയാവുന്നതെന്നും ഇവര്‍ തടവില്‍ തുടരുന്നത് അവരുടെ ഭാവിജീവിതത്തിന് ഹാനികരമാവുമെന്നും വിലയിരുത്തിയാണ് ജാമ്യം നല്‍കിയത്.
മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയായ ഓംകാരേശ്വറിനെ (25) ജനുവരി എട്ടിനാണ് ഡല്‍ഹി പൊലിസ് പിടികൂടിയത്. ആപ്പ് 2021 ജൂലൈയില്‍ അപ് ലോഡ് ചെയ്തു. മുസ് ലിം സ്ത്രീകളുടെ ഫോട്ടോകള്‍ 'ലേലത്തിനായി'വച്ച ആപ്പിനെതിരേ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.
ബുള്ളി ബായ് ആപ്പ് ജനുവരി 2022ന് പുറത്തുവന്നു.