പോലിസ് സ്‌റ്റേഷനുകളിലും സിബിഐ, ഇഡി, എന്‍ഐഎ ഓഫിസുകളിലും സിസിടിവി നിര്‍ബന്ധമാക്കി സുപ്രിംകോടതി

Update: 2020-12-02 15:16 GMT

ന്യൂഡല്‍ഹി: രാജ്യത്തെ സുപ്രധാന അന്വേഷണ ഏജന്‍സികളായ സിബിഐ, ഇഡി, എന്‍ഐഎ എന്നിവയുടെ വിവിധ ഓഫിസുകളിലും സംസ്ഥാന പോസിസിന്റെ വിവിധ ഓഫിസുകളിലും സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്ന് സുപ്രിംകോടതി. കേന്ദ്ര സര്‍ക്കാരിനാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. പ്രതികളെ അറസ്റ്റ് ചെയ്യാനും ചോദ്യം ചെയ്യാനുമുള്ള അധികാരമുള്ള ഏജന്‍സികളെന്ന നിലയിലാണ് ഉത്തരവ്. ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

പോലിസ് സ്‌റ്റേഷനുകളുടെ പ്രവേശന കവാടം, പുറത്തുപോകുന്ന കവാടം, ലോക്ക്അപ് മുറി, വരാന്തകള്‍, ലോബി, സ്വീകരണമുറി തുടങ്ങിയിടങ്ങളിലും സിസിടിവി സ്ഥാപിക്കണമെന്നും സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കുമുള്ള ഉത്തരവില്‍ സുപ്രിംകോടതി വ്യക്തമാക്കി.

പോലിസ് സ്‌റ്റേഷനുകള്‍ അടക്കമുളള ഏജന്‍സികള്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ തടയുന്നതിന്റെ ഭാഗമാണ് പുതിയ ഉത്തരവ്. നര്‍കോടിക്‌സ്, റവന്യൂ ഇന്റലിജന്‍സ്, പ്രധാനപ്പെട്ട തട്ടിപ്പ് കേസുകള്‍ അന്വേഷിക്കുന്നവരുടെ ഓഫിസുകള്‍ ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഓഫിസുകള്‍ തുടങ്ങിയവയും സിസിടിവി നിരീക്ഷണത്തിലാവണം.

സിസിടിവി നൈറ്റ് വിഷന്‍ കാമറകളായിരിക്കണമെന്നും ഓഡിയോയും വീഡിയോയും ഒരേ സമയം പകര്‍ത്തണമെന്നും ഉത്തരവിട്ടിട്ടുണ്ട്.

കൂടുതല്‍ കാലം ഡാറ്റ സൂക്ഷിക്കാവുന്ന തരത്തിലുള്ള മോഡലുകളാവണം വാങ്ങേണ്ടതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അതൊരിക്കലും ഒരു വര്‍ഷത്തില്‍ താഴെയാവരുത്.

സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍, നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, റവന്യൂ ഇന്റലിജന്‍സ് വകുപ്പ്, സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ) ), ചോദ്യം ചെയ്യല്‍ നടത്തുകയും അറസ്റ്റ് ചെയ്യാനുള്ള അധികാരമുള്ള മറ്റേതൊരു ഏജന്‍സിയുടെയും ഓഫിസ് തുടങ്ങിയവിടങ്ങളിലാണ് സിസിടിവി വെക്കേണ്ടതെന്ന് ജസ്റ്റിസുമാരായ കെ.എം. ജോസഫ്, അനിരുദ്ധ ബോസ് എന്നിവരുള്‍പ്പെടുന്ന ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. കസ്റ്റഡി കൊലപാതകങ്ങളുടെ എണ്ണം ക്രമാധീതമായി വര്‍ധിച്ച സാഹചര്യത്തിലാണ് സുപ്രിംകോടതി പ്രശ്‌നത്തില്‍ ഇടപെട്ടത്.

ഇക്കഴിഞ്ഞ സപ്തംബറില്‍ സിസിടിവി കാമറകളുടെ അവസ്ഥയെന്താണെന്ന് അറിയിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് സുപ്രിംകോടതി സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കത്തയച്ചിരുന്നു. അതിനു പുറമെ ഇതുസംബന്ധിച്ച് 2018 ഏപ്രില്‍ 3ന് പുറത്തിറക്കിയ ഉത്തരവില്‍ ചൂണ്ടിക്കാട്ടിയ പ്രത്യേക കമ്മിറ്റിയുടെ തല്‍സ്ഥിതി വിവരങ്ങള്‍ നല്‍കാനും സുപ്രിംകോടതി ആവശ്യപ്പെട്ടു.

2017ലാണ് കസ്റ്റഡി മരണങ്ങള്‍ കുറയ്ക്കുകയെന്ന ഉദ്ദേശത്തോടെ സിസിടിവി സ്ഥാപിക്കാന്‍ സുപ്രിംകോടതി നിര്‍ദേശം നല്‍കിയത്.

Tags:    

Similar News