പ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം സുപ്രിം കോടതി വീണ്ടും തള്ളി
ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസര്‍ തസ്തികകയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം സുപ്രിം കോടതി വീണ്ടും തള്ളി. ഈ ഹരജി അടിയന്തരമായി കേള്‍ക്കേണ്ട അടിയന്തര സാഹചര്യം എന്താണെന്ന് ഹരജിക്കാരനായ ജോസഫ് സ്‌കറിയയുടെ അഭിഭാഷകനോട് സുപ്രിം കോടതി ആരാഞ്ഞു.
പ്രിയ വര്‍ഗീസിന് എതിരെ യുജിസിയും ജോസഫ് സ്‌കറിയയും നല്‍കിയ ഹരജികള്‍ പരിഗണിക്കുന്നത് ജസ്റ്റിസ് ജെകെ മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ്. ഈ ബെഞ്ചിന് മുമ്പാകെയാണ് ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് ജോസഫ് സ്‌കറിയയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ആവശ്യം അംഗീകരിക്കാന്‍ ബെഞ്ച് തയ്യാറായില്ല. കഴിഞ്ഞ ആഴ്ചയും ഇതേ ആവശ്യം ജോസഫ് സ്‌കറിയയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.