ചോദ്യം ചെയ്യലിനിടെ തോക്ക് തട്ടിയെടുത്ത് പോലിസിനെ വെടിവച്ചു; അനുനയിപ്പിച്ച് കീഴടക്കാന്‍ ബന്ധുക്കളെ ഉപയോഗിച്ച് കശ്മീര്‍ പോലിസ്
ശ്രീനഗര്‍: പുല്‍വാമ ജില്ലയില്‍ ചോദ്യം ചെയ്യാനായി പോലിസ് കസ്റ്റഡിയിലെടുത്ത യുവാവ് പോലിസിന്റെ തോക്ക് തട്ടിയെടുത്ത് വെടിവച്ചു. ചോദ്യം ചെയ്യുകയായിരുന്ന പോലിസുകാരന് ആക്രമണത്തില്‍ പരുക്കേറ്റു.
മുഹമ്മദ് അമിന്‍ എന്നയാളാണ് പോലിസ് ക്യാംപിലെ ചോദ്യം ചെയ്യലിനിടയയില്‍ തോക്ക് തട്ടിയെടുത്ത് വെടിവച്ചത്. സംശയത്തിന്റെ പേരിലാണ് മുഹമ്മദ് അമിനെ പോലിസ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്യുകയായിരുന്ന അംജിദ് അഹ്മദ് എന്ന പോലിസുകാരന് സംഭവത്തില്‍ പരുക്കേറ്റു. മുറിക്കകത്ത് നിന്നും നിരവധി വെടിയൊച്ചകള്‍ കേട്ടതായി പോലിസ് പറഞ്ഞു. മുറിക്കുള്ളില്‍ മറ്റ് പോലീസുകാരില്ല, പരുക്കേറ്റ പോലിസുകാരനെ മുറിയില്‍ നിന്നും പുറത്തെത്തിച്ചിട്ടില്ല.
യുവാവിനെ അനുനയിപ്പിച്ച് പോലിസുകാരനെ രക്ഷപ്പെടുത്താനാണ് ശ്രമം നടക്കുന്നത്. ഇതിനായി മുഹമ്മദ് അമിന്റെ വീട്ടുകാരെ സ്ഥലത്തെത്തിച്ചിട്ടുണ്ട്. ഇവരുമായി അനുനയ സംഭാഷണം നടത്തിച്ച് കീഴടങ്ങാന്‍ പ്രേരിപ്പിക്കുകയാണെന്ന് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലിസ് വിജയ് കുമാര്‍ കശ്മീരി മാധ്യമമായ കശ്മീര്‍ മിററിനോട് പറഞ്ഞു.